ഉദ്ധവിനെ കെട്ടിപ്പിടിച്ച് പിന്നില്‍ നിന്ന് കുത്തി; ഷിന്‍ഡെയുമായി രഹസ്യ സഖ്യം; കല്യാണ്‍ - ഡോംബിവാലിയില്‍ രാജ് താക്കറെയുടെ നാടകീയ നീക്കങ്ങള്‍; ബിജെപിയെയും ഉദ്ധവിനെയും ഞെട്ടിച്ച് എംഎന്‍എസ്; ഇരട്ടത്താപ്പ് തുറന്നുകാട്ടി സഞ്ജയ് റാവത്ത്
മുംബൈ: ഭിന്നതകള്‍ മറന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചതിന് പിന്നാലെ മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നാടകവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. തെരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ധവ് താക്കറേയുമായി കൈകോര്‍ത്ത് പരാജയം രുചിച്ചതിന് പിന്നാലെ കല്യാണ്‍ - ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നേടാന്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന് പിന്തുണ നല്‍കുകയാണ് രാജ് താക്കറെ ചെയ്തത്. ശിവസേന ഷിന്‍ഡേ വിഭാഗവും ബിജെപിയും ചേര്‍ന്നുള്ള മഹായുതിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പമായിരുന്നു രാജ് താക്കറേ നയിക്കുന്ന എംഎന്‍എസ് മത്സരിച്ചത്. ഇതില്‍ പരാജയം നേരിട്ടതിന് പിന്നാലെ തന്നെ എംഎന്‍എസ് ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് പിന്തുണയുമായി എത്തിയത് മഹാരാഷ്ട്രയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഷിന്‍ഡേ വിഭാഗത്തിനൊപ്പമുള്ള സഖ്യം കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ അധികാരം കുറയ്ക്കുന്നതിനുള്ള ഗൂഡനീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. കല്യാണ്‍ - ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 122 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ബിജെപിയെ കഷ്ടിച്ച് പിന്നിലാക്കിയ ശിവ സേനയ്ക്ക് 53 സീറ്റാണ് നേടിയത്. ബിജെപിക്ക് 51 സീറ്റാണ് നേടാനായത്.
കല്യാണ്‍ -ഡോംബിവാലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ (എം.എന്‍.എസ്) പുതിയ കൗണ്‍സിലര്‍മാരുമായി സഖ്യമുണ്ടാക്കാന്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ബി.എം.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഷിന്‍ഡെ സേന സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മേയര്‍ സ്ഥാനത്തെച്ചൊല്ലി ഇരുകക്ഷികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് നവനിര്‍മാണ്‍ സേന നാടകീയ നീക്കങ്ങള്‍ നടത്തുന്നത്.
കല്യാണ്‍ -ഡോംബിവാലി തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും യഥാക്രമം 53ഉം 50ഉം വീതം സീറ്റുകള്‍ നേടിയിട്ടുണ്ട്. ഭൂരിപക്ഷത്തിന് 62 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ രണ്ട് കക്ഷികളും മേയര്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇവിടെയാണ് അഞ്ച് എം.എന്‍.എസ് കൗണ്‍സിലര്‍മാരുടെ പ്രസക്തി. ഷിന്‍ഡെ സേന ഈ അഞ്ച് പേരുമായി സഖ്യമുണ്ടാക്കിയാല്‍ സീറ്റുനില 58ലേക്ക് എത്തും, ഇത് ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ മാത്രം അകലെയാണ്.
ശിവസേന നേതാക്കളായ ഏകനാഥ് ഷിന്‍ഡെയും നരേഷ് മസ്‌കെയും എം.എന്‍.എസ് നേതാവ് രാജു പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയ നീക്കം മഹായുതി സഖ്യത്തിലെ വിള്ളലല്ലെന്ന് നരേഷ് മസ്‌കെ പറഞ്ഞു. എം.എന്‍.എസുമായുള്ള സഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോള്‍, വികസനത്തിനായി എല്ലാവരും ഒന്നിച്ചു വരികയാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുമെന്നും ഇത് തദ്ദേശതലത്തിലുള്ള വികസന രാഷ്ട്രീയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
107 വാര്‍ഡുകളുള്ള കല്യാണ്‍ ഡോംബിവാലിയില്‍ ബി.ജെ.പി -50, ഷിന്‍ഡെ സേന -53, എം.എന്‍.എസ് -അഞ്ത്, ശിവസേന (ഉദ്ധവ് വിഭാഗം) 11, എന്‍.സി.പി (ശരദ് പവാര്‍) -ഒന്ന്, കോണ്‍ഗ്രസ് -രണ്ട് എന്നിങ്ങനെയാണ് സീറ്റുനില. നഗരസഭയുടെ സ്ഥിരത ഉറപ്പാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് രാജു പാട്ടീല്‍ പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ രാജ് താക്കറെ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ സംഭവവികാസങ്ങളോട് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്ത് രൂക്ഷമായാണ് പ്രതികരിച്ചത്. മഹാരാഷ്ട്രയെ ഒറ്റുകൊടുക്കുന്നവര്‍ വഞ്ചകരാണ്. അധികാരം കിട്ടാത്തതുകൊണ്ട് അഴിമതി കാണിക്കുന്നത് മഹാരാഷ്ട്ര ക്ഷമിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടാകാം, പക്ഷേ അത് വ്യക്തിപരമായി തന്നെ വെക്കണം. കല്യാണ്‍-ഡോംബിവാലി വിഷയം ഉദ്ധവ് താക്കറെയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഒന്നും കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടുന്ന മാനസികാവസ്ഥയുള്ള ചിലരെക്കുറിച്ച് രാജ് താക്കറെ തന്നെ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ഇത്തരത്തില്‍ പാര്‍ട്ടി മാറുന്നവര്‍ 'രാഷ്ട്രീയ മനോരോഗികള്‍' ആണെന്നും റാവത്ത് വിമര്‍ശിച്ചു. വിഷയത്തില്‍ എം.എന്‍.എസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''ശിവസേനയും എം.എന്‍.എസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരമൊരു സമയത്ത് ഒരാള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്താല്‍ പാര്‍ട്ടിയും നേതൃത്വവും അതില്‍ ഉറച്ച നിലപാട് എടുക്കണം'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക തലത്തില്‍ സഖ്യമെന്ന് വിശദീകരണം
കേവല ഭൂരിപക്ഷത്തിനായി 62 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെയാണ് ബുധനാഴ്ച ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും മേയര്‍ പദവിക്കുള്ള അര്‍ഹതയുണ്ടെന്നും ശിവസേന അവകാശവാദമുയര്‍ത്തിയത്. കൊങ്കണ്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് മുന്‍പാകെ ശിവസേനയ്‌ക്കൊപ്പം എംഎന്‍എസ് കൌണ്‍സിലര്‍മാരും എത്തിയിരുന്നു. പിന്നാലെ എംഎന്‍എസ് ശിവസേന ഷിന്‍ഡേ വിഭാഗത്തിന് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുരോഗതിക്ക് വേണ്ടിയുള്ള പിന്തുണയെന്നാണ് നീക്കത്തെ എംഎന്‍എസ് നിരീക്ഷിക്കുന്നത്. പദവികളുടെ വീതം വയ്പ് സംബന്ധിയായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് എംഎന്‍എസ് വിശദമാക്കുന്നത്. പ്രാദേശിക തലത്തില്‍ ഇത്തരം സഖ്യം സാധ്യമാണെന്നും എംഎന്‍എസ് വിശദമാക്കുന്നത്. ഇതില്‍ സ്വാര്‍ത്ഥ ലാഭമൊന്നുമില്ലെന്നുമാണ് എംഎന്‍എസ് നേതാവ് ബാല നന്ദഗോങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഭരണത്തില്‍ കാഴ്ചക്കാരാവുന്നതിന് പകരമായി ഭാഗമാവുന്നതിനുള്ളതാണ് നടപടിയെന്നും എംഎന്‍എസ് വക്താവ് വിശദമാക്കി.ഇത്തരത്തില്‍ പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കാന്‍ രാജ് താക്കറേ അനുവാദം നല്‍കിയെന്നുമാണ് എംഎന്‍എസ് കൌണ്‍സിലര്‍മാരുടെ പ്രതികരണം. ബിജെപിയെ പ്രാദേശിക തലത്തില്‍ അകറ്റാനാണെന്ന അവകാശ വാദത്തിനിടയിലും ഉദ്ധവ് താക്കറേ വിഭാഗത്തിനെ രാജ് താക്കറേ പിന്നില്‍ നിന്ന് കുത്തിയെന്നാണ് അണികളുടെ പ്രതികരണം. കല്യാണ്‍ - ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 11 സീറ്റുകളാണ് ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് നേടാനായത്.
