തമിഴക രാഷ്രടീയത്തില്‍ വീണ്ടും ട്വിസ്റ്റ്; എന്‍ഡിഎ ക്യാമ്പിനെ നടുക്കി ഒപിഎസിന്റെ മലക്കംമറിച്ചില്‍! സ്റ്റാലിന്‍ വീണ്ടും വരുമെന്ന് പ്രവചനം; ജയലളിതയുടെ വിശ്വസ്തന്‍ ഇനി ഉദയസൂര്യനൊപ്പം? ദ്രാവിഡ രാഷ്ട്രീയത്തില്‍ കസേരകളി; എഐഎഡിഎംകെയില്‍ നെഞ്ചിടിപ്പ്; നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പേ നിര്‍ണായക നീക്കവുമായി ഡിഎംകെ

Update: 2026-02-20 10:59 GMT

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ തമിഴക രാഷ്രടീയത്തില്‍ വീണ്ടും ട്വിസ്റ്റ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. തമിഴ്‌നാട് നിയമസഭമന്ദിരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഒരുപാട് രാഷ്ട്രീയചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. നിയമസഭ സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഒ.പി.എസ് സ്റ്റാലിനെ കണ്ടത്. ഇരുനേതാക്കളും കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയൊരു സഖ്യത്തിന് കൂടിക്കാഴ്ച വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയനേതാക്കള്‍ ഏറെയാണ്.

തമിഴ്നാട്ടില്‍ വീണ്ടും ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സന്ദര്‍ശനത്തിന് പിന്നാലെ പനീര്‍സെല്‍വം പറഞ്ഞു. 'ഡിഎംകെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. ഞാന്‍ ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിജയകരവും മികച്ചതുമായ ഭരണത്തിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു' പനീര്‍സെല്‍വം പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പനീര്‍സെല്‍വത്തിന്റെ ചുവടുമാറ്റം ശ്രദ്ധേയമാണ്. സന്ദര്‍ശനം സംബന്ധിച്ച് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ഒ പനീര്‍സെല്‍വം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തില്‍ രാമനാഥപുരം നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി സഖ്യം വിട്ട പനീര്‍സെല്‍വം എഐഎഡിഎംകെ തിരിച്ചെത്താന്‍ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പളനിസ്വാമി എതിര്‍ക്കുകയായിരുന്നു. സീറ്റ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഒ.പി.എസ്-സ്റ്റാലിന്‍ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. മീറ്റിങ്ങിനെ കുറിച്ച് ഇരുനേതാക്കളും പ്രതികരിച്ചില്ലെങ്കിലും പോസിറ്റീവായ ചര്‍ച്ച ഇരുവര്‍ക്കുമിടയില്‍ നടന്നുവെന്നാണ് ഇരുനേതാക്കളുമായി ബന്ധപ്പെട്ട് അടുത്തവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരണം കരുതലോടെ മതിയെന്ന എ.ഐ.എ.ഡി.എം.കെയിലെ ധാരണ.

തമിഴ്‌നാട്ടിലെ മുന്നണി രാഷ്ട്രീയം കഴിഞ്ഞദിവസം മറ്റൊരു നാടകീയനീക്കത്തിന് കൂടി സാക്ഷ്യംവഹിച്ചിരുന്നു. അന്തരിച്ച നടന്‍ വിജയ്കാന്ത് സ്ഥാപിച്ച ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) ഡി.എം.കെ സഖ്യത്തില്‍ ചേര്‍ന്നു. വ്യാഴാഴ്ച രാവിലെ ഡി.എം.ഡി.കെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡി.എം.കെ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഡി.എം.ഡി.കെയുടെ നീക്കം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാണ്.

2005ല്‍ നടന്‍ വിജയ്കാന്ത് ഡി.എം.ഡി.കെ രൂപവത്കരിച്ചശേഷം ഇതാദ്യമായാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കുന്നത്. അവസാന നിമിഷം വരെയും ഡി.എം.ഡി.കെ, എന്‍.ഡി.എ സഖ്യത്തിലേക്ക് പോകുമെന്ന അഭ്യൂഹമാണുണ്ടായിരുന്നത്.

Tags:    

Similar News