ഇന്ത്യാ സഖ്യത്തിന്റെ ഭാവി അത്ര ശോഭനമല്ല; നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പില്ല, പക്ഷെ തിരിച്ചുവരാന്‍ സമയമുണ്ട്'; 2029ലെ തെരഞ്ഞെടുപ്പ് നിര്‍ണായകം; ബിജെപി അതിശക്തമായ യന്ത്രവും സംഘടിതമായ പ്രസ്ഥാനവും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ നിയന്ത്രിക്കുന്നു; ആശങ്ക പ്രകടിപ്പിച്ചു പി ചിദംബരം
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയെ പോലെ സംഘടിതമായ മറ്റൊരു പാര്‍ട്ടി മറ്റൊന്നില്ലെന്നും ചിദംബരം പറഞ്ഞു. ഇന്ത്യ സംഖ്യത്തിന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് ചിദംബരം രംഗത്തെത്തിയത്. ശ്രമിച്ചാല്‍ ഇന്ത്യാ സഖ്യം ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെയും മൃത്യുഞ്ജയ് സിംഗ് യാദവിന്റെയും 'കണ്ടസ്റ്റിംഗ് ഡെമോക്രാറ്റിക് ഡെഫിസിറ്റ്: ആന്‍ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി 2024 ഇലക്ഷന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
''അത് പഴകിയതായി കാണിക്കുന്നു, എന്നാല്‍ തുന്നിച്ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്'' എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.' മൃത്യുഞ്ജയ് സിംഗ് യാദവ് പറയുന്നതുപോലെ ഭാവി അത്ര ശോഭനമല്ല. ഇന്ത്യാ സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നതായി തോന്നുന്നു. എനിക്ക് ഉറപ്പില്ല. സഖ്യത്തിന്റെ ചര്‍ച്ചാ സംഘത്തില്‍ അംഗമായിരുന്നതിനാല്‍ സല്‍മാന് (ഖുര്‍ഷിദ്) ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കും,' അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണി പൂര്‍ണമായും നിലനില്‍ക്കുകയാണെങ്കില്‍ താന്‍ വളരെയധികം സന്തോഷിക്കുമെന്ന് ചിദംബരം പറഞ്ഞു, 'എന്നാല്‍ അത് ദുര്‍ബലമാണെന്ന് തോന്നുന്നു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യത്തെ വീണ്ടും ഒരുമിച്ച് ചേര്‍ക്കാന്‍ കഴിയുമെന്നും ഇനിയും സമയമുണ്ടെന്നും ഇനിയും സംഭവങ്ങള്‍ ചുരുളഴിയാനിരിക്കുന്നുവെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ബിജെപിയെ പ്രശംസിച്ച ചിദംബരം അതിശക്തമായ യന്ത്രമെന്നും അത്രയും സംഘടിതമായ പ്രസ്ഥാനമെന്നും വിശേഷിപ്പിച്ചു. 'എന്റെ അനുഭവത്തിലും ചരിത്ര വായനയിലും, ബിജെപിയെപ്പോലെ ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടായിട്ടില്ല. എല്ലാ മേഖലകളിലും അത് അതിശക്തമാണ്. ഇത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല.
ഇത് ഒരു യന്ത്രമാണ്, അതിന് പിന്നില്‍ ഒരു യന്ത്രമുണ്ട്, രണ്ട് യന്ത്രങ്ങളും ഇന്ത്യയിലെ എല്ലാ യന്ത്രങ്ങളെയും നിയന്ത്രിക്കുന്നു, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പൊലീസ് സ്റ്റേഷന്‍ വരെ; അവര്‍ക്ക് ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാനോ ചിലപ്പോള്‍ പിടിച്ചെടുക്കാനോ കഴിയും,' ചിദംബരം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അല്ല ഒരു ഭീകര യന്ത്രത്തെയാണ് ഇന്ത്യാ സഖ്യം നേരിടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''2029 ലെ തെരഞ്ഞെടുപ്പ് ഈ ശക്തരായ മിഷനറിയെ ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക വഴിത്തിരിവായി മാറിയേക്കാം, അല്ലെങ്കില്‍ 2029 ലെ തെരഞ്ഞെടുപ്പ് നമ്മെ ഒരു സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് തിരികെ കൊണ്ടുവരും. 2029 ലെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്,' ചിദംബരം വ്യക്തമാക്കി. കാവി പാര്‍ട്ടിയെ അതിശക്തം എന്ന് വിശേഷിപ്പിച്ച ചിദംബരത്തെ പരിഹസിച്ച് ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ് തോല്‍വികള്‍ കോണ്‍ഗ്രസിനെ മുറിവേല്‍പ്പിച്ചിരിക്കുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
നേരത്തെ പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണയിലെത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പി ചിദംബരം നേരത്തെ രംഗത്തുവന്നിരുന്നു. മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധത്തിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് തെരഞ്ഞെടുത്ത ചില ലക്ഷ്യങ്ങളെ മാത്രം ആക്രമിച്ചുകൊണ്ടുള്ള ഒരു സൈനിക മുന്നേറ്റം അദ്ദേഹം ബുദ്ധിപൂര്‍വ്വം നടത്തിയതെന്നുമാണ് ചിദംബരം പറയുന്നത്.
'ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും അയച്ചു. സിവിലിയന്‍ ആവാസ വ്യവസ്ഥകളെയോ പാകിസ്ഥാന്റെ സൈനിക സ്വത്തുക്കളെയോ ആക്രമിക്കാതെ ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു അത്. ഒരു ദുരിതബാധിത രാജ്യത്തിന്റെ ന്യായമായ പ്രതികരണമായിരുന്നു അത്,' ചിദംബരം പറഞ്ഞു.
പാകിസ്ഥാനിലെ സൈനിക മേധാവികള്‍ വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ ആക്രമണാത്മകമായി തിരിച്ചടിക്കില്ലെന്ന് കരുതുന്നത് നിഷ്‌കളങ്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പരിശീലനം നേടാനും പ്രേരിപ്പിക്കാനും സന്നദ്ധരായ യുവാക്കള്‍ പാകിസ്ഥാനിലുണ്ടെന്നും പാകിസ്ഥാന്‍ സൈനിക മേധാവികളും ഐ.എസ്.ഐയും ഭരണം നടത്തുന്നിടത്തോളം കാലം ഇന്ത്യയ്ക്കെതിരായ ഭീഷണി അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സായുധ സംഘട്ടനത്തിലും ഇരുവശത്തും ജീവനും സൈനിക ഉപകരണങ്ങളും നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.