'ഇരട്ട എൻജിൻ' സർക്കാരുകൾ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്ക് വേണ്ടി'; വികസനത്തിന്റെ പേരിൽ നടക്കുന്നത് കൊള്ളയടി; ബി.ജെ.പി 'ഭ്രഷ്ട് ജനതാ പാർട്ടി'യെന്നും രാഹുൽ ഗാന്ധി

Update: 2026-01-09 12:29 GMT

ന്യൂഡൽഹി: ബി.ജെ.പിയെ 'ഭ്രഷ്ട് ജനതാ പാർട്ടി' എന്ന് വിശേഷിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ 'ഇരട്ട എൻജിൻ' സർക്കാരുകൾ അഴിമതി, അധികാര ദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദിയിലുള്ള തന്റെ 'എക്സ്' (മുമ്പ് ട്വിറ്റർ) പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിലെ മലിനജലം കുടിച്ചുള്ള മരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. അഴിമതി, അധികാര ദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവ ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ മുകളിൽ നിന്ന് താഴേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഇരട്ട എൻജിൻ' സർക്കാരുകൾ ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ ഇന്ത്യക്കാർക്ക് ഇത് വികസനമല്ല, മറിച്ച് നാശമാണ് വരുത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഈ അഴിമതി നിറഞ്ഞ ഇരട്ട എൻജിൻ സർക്കാർ ഓരോ ദിവസവും സാധാരണക്കാരുടെ ജീവിതം തകർക്കുകയാണ്. ബി.ജെ.പിയുടെ വ്യവസ്ഥിതിയിൽ ദരിദ്രരുടെയും നിസ്സഹായരുടെയും തൊഴിലാളികളുടെയും മധ്യവർഗത്തിന്റെയും ജീവിതം വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമാണെന്നും വികസനത്തിന്റെ പേരിൽ കൊള്ളയടിക്കൽ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ മലിനജല വിതരണത്തെക്കുറിച്ചുള്ള പരാതികളും, രാജസ്ഥാനിലെ ആരവല്ലി പർവതനിരകൾ മുതൽ മറ്റ് പ്രകൃതിവിഭവങ്ങൾ വരെ ശതകോടീശ്വരന്മാരുടെ അത്യാഗ്രഹത്തിനായി നിയമങ്ങൾ ലംഘിച്ച് നശിപ്പിക്കപ്പെടുന്നതും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു. പർവതങ്ങൾ തുരന്ന് ഇല്ലാതാക്കുകയും വനങ്ങൾ നശിപ്പിക്കുകയും ചെയ്യുമ്പോൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നത് പൊടി, മലിനീകരണം, ദുരന്തം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഭ്രഷ്ട് ജനതാ പാർട്ടി' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് കോൺഗ്രസ് നേതാവ് തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. 

Tags:    

Similar News