വോട്ട്‌ചോരി നിലനില്‍ക്കുന്നിടത്തോളം തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കും; തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ എത്തി: രാഹുല്‍ ഗാന്ധി
വോട്ട്‌ചോരി നിലനില്‍ക്കുന്നിടത്തോളം തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വോട്ട്‌ചോരി നിലനില്‍ക്കുന്നിടത്തോളം തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് പ്രതിപക്ഷനോതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ 'തൊഴില്‍ മോഷണവും 'വോട്ട് കൊള്ള'യും ഇനി സഹിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും അത് 'വോട്ട് ചോരി'യുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ തന്റെ എക്‌സില്‍ പോസ്റ്റ് ചെയ്തു. സര്‍ക്കാര്‍ പൊതുജന വിശ്വാസം നേടി അധികാരത്തില്‍ വരുമ്പോള്‍ ആ സര്‍ക്കാരിന്റെ പ്രഥമ ഉത്തരാവാദിത്വമെന്നത് യുവാക്കള്‍ക്ക് തൊഴിലും അവസരങ്ങളും നല്‍കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സത്യസന്ധമായ രീതിയിലൂടെയല്ല ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. വോട്ട് ചോരിയിലൂടെയും സ്ഥാപനങ്ങളെ നിയന്ത്രിച്ചുമെല്ലാമാണ് ബി.ജെ.പി അധികാരത്തില്‍ തുടരുന്നത്. അതുകൊണ്ടാണ് തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ എത്തിയതും തൊഴിലവസരങ്ങള്‍ കുറയുന്നതും നിയമന പ്രക്രിയകളില്‍ ക്രമക്കേടുകള്‍ സംഭവിക്കുന്നതെന്നും
രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിലൂടെ യുവാക്കളുടെ ഭാവി അപകടത്തിലാകുന്നു. ഓരോ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഓരോ നിയമനവും അഴിമതിയുടെ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് രാഹുല്‍ പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ സ്വപ്നനം കാണുന്നതോടൊപ്പം അവരുടെ ഭാവിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ മോദി തന്റെ പി.ആര്‍, സെലിബ്രിറ്റികളെ പ്രശംസിക്കല്‍, ശതകോടീശ്വരന്മാരുടെ ലാഭം എന്നിവയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയും അവരെ നിരാശരാക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ഐഡന്ററ്റിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യഥാര്‍ഥ പോരാട്ടം ജോലിക്കുവേണ്ടി മാത്രമല്ല, വോട്ട് ചോരിക്ക് എതിരെ കൂടിയാണെന്ന് ഇപ്പോള്‍ യുവാക്കള്‍ക്ക് മനസിലാക്കുന്നു. കാരണം തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേടുകള്‍ സംഭവിക്കുന്നിടത്തോളം കാലം തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കും.
ഇന്ത്യയെ തൊഴിലില്ലായ്മയില്‍ നിന്നും വോട്ട് മോഷണത്തില്‍ നിന്നും മോചിപ്പിക്കുന്നതാണ് ആത്യന്തിക ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ലാത്തി ചാര്‍ജ് ചെയ്യുന്നതിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തൈകള്‍ നടുന്നതിന്റെയും മയിലുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെയും യോഗ പരിശീലിക്കുന്നതിന്റെയും വിഡിയോകളും അദ്ദേഹം പങ്കുവെച്ചു.