'ഇപിഎസിനെ പൂട്ടാന്‍ 'ചിന്നമ്മ' ഇറങ്ങുന്നു; ജയലളിതയുടെ ജന്മദിനത്തില്‍ തമിഴ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ശശികല! വഞ്ചകരെ പിഴുതെറിയുമെന്ന് വെല്ലുവിളി; പതാകയില്‍ അണ്ണായും എംജിആറും ജയലളിതയും; മത്സരിക്കാന്‍ വിലക്കുണ്ടെങ്കിലും തളരാതെ ശശികല; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ശശികല
മധുര: ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ 76-ാം ജന്മദിനമായ ഫെബ്രുവരി 24-നാണ് രാമനാഥപുരത്ത് വെച്ച് ശശികല ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും, പതാകയില്‍ എംജിആര്‍, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
'പുതിയൊരു രാഷ്ട്രീയ അധ്യായത്തിന് നാം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. നമ്മള്‍ ഒരു പുതിയ പാര്‍ട്ടി തുടങ്ങുന്നു,' ശശികല പറഞ്ഞു. അണ്ണാ ദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ പാത പിന്തുടരുന്ന ദ്രാവിഡ പ്രസ്ഥാനമായിരിക്കും ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി 'ശത്രുക്കളെയും വഞ്ചകരെയും' (ഇപിഎസ് വിഭാഗത്തെ ലക്ഷ്യമിട്ട്) പിഴുതെറിയുമെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ പാര്‍ട്ടിയുടെ കൊടിയും ശശികല പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള കൊടിയില്‍ അണ്ണാ ദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ട്. പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കും.
2016-ല്‍ ജയലളിതയുടെ മരണശേഷമുള്ള കാര്യങ്ങള്‍ ശശികല പ്രസംഗത്തില്‍ ഓര്‍ത്തെടുത്തു. 'ചിന്നമ്മേ, നിങ്ങള്‍ മുഖ്യമന്ത്രിയാകണം എന്ന് അന്ന് മന്ത്രിമാരും എംഎല്‍എമാരും എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില കടമകള്‍ ഉള്ളതിനാല്‍ ഞാന്‍ അത് നിരസിക്കുകയും ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് പറയുകയുമായിരുന്നു,' ശശികല പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ശശികലയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ ഈ നീക്കം നിര്‍ണ്ണായകമാണ്.
തിരഞ്ഞെടുപ്പില്‍ ശശികലയുടെ പുതിയ പാര്‍ട്ടി 40 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് ഈ പ്രഖ്യാപനം. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള മുന്‍കാല ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമുള്ള ശശികലയുടെ ഈ രാഷ്ട്രീയ നീക്കം തമിഴ്‌നാട്ടില്‍ ശ്രദ്ധേയമാകുകയാണ്. അതേസമയം, 2027 ജനുവരി 27 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ശശികലയ്ക്ക് അയോഗ്യതയുണ്ടെന്നതും ഈ സാഹചര്യത്തില്‍ നിര്‍ണായകമാണ്.
സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും എഐഎഡിഎംകെ തലവന്‍ എടപ്പാടി കെ. പളനിസ്വാമിക്ക് (ഇപിഎസ്) നേരിട്ട് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും മധുരയില്‍ വെച്ച് എന്‍ഡിടിവിയോട് സംസാരിക്കവെ ശശികല വ്യക്തമാക്കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തേവര്‍ സമുദായത്തിന്റെ പുണ്യകേന്ദ്രമായ പസുംപൊന്നില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു പ്രതികരണം. 'ഇന്ന് വൈകുന്നേരം ഞാന്‍ ഞങ്ങളുടെ കൊടി അവതരിപ്പിക്കും,' ശശികല പറഞ്ഞു.
പാര്‍ട്ടിയുടെ പേരോ ഘടനയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും, 'ഞാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും, ഒരുപാട് കാര്യങ്ങള്‍ ഇന്ന് ജനങ്ങളോട് പറയാനുണ്ട്' എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തന്റെ വിശ്വസ്തരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.
ഇപിഎസിന് നേരെയുള്ള നേരിട്ടുള്ള ആക്രമണം
തമിഴ്നാട്ടിലെ സ്വാധീനമുള്ള തേവര്‍ സമുദായത്തില്‍പ്പെട്ട ശശികല പസുംപൊന്നില്‍ വെച്ച് പ്രഖ്യാപനം നടത്തിയത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. 2016-ല്‍ ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി താന്‍ തന്നെ തിരഞ്ഞെടുത്ത ഇപിഎസിനെതിരെയുള്ള തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പണ്ട് ശശികല മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയ ഒ. പനീര്‍സെല്‍വവുമായി (ഒപിഎസ്) അധികാരം പങ്കിട്ട ശേഷം ഇപിഎസ് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായ ശശികല മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചെങ്കിലും അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ശിക്ഷയെത്തുടര്‍ന്ന് നാല് വര്‍ഷത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ഇതോടെ അവരുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. 2027 വരെ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്.
ശശികലയുടെയും ടിടിവി ദിനകരന്റെയും ഒപിഎസിന്റെയും പുറത്താക്കല്‍ എഐഎഡിഎംകെയുടെ വോട്ട് ബാങ്കായ തേവര്‍ സമുദായത്തിനിടയില്‍ വിള്ളലുണ്ടാക്കി. ഇത് പാര്‍ട്ടിയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇപിഎസിനെ 'വഞ്ചകന്‍' എന്നാണ് ശശികല വിശേഷിപ്പിക്കാറുള്ളത്. ഇപിഎസിനെ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുക എന്നതാണ് ശശികലയുടെ പ്രധാന ലക്ഷ്യം.
എഐഎഡിഎംകെയുടെ പ്രതികരണം
ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത ഒരാള്‍ എങ്ങനെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ചോദ്യം ചെയ്യുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ജനങ്ങള്‍ക്കറിയാമെന്നും അവര്‍ പരിഹസിക്കുന്നു.
ശശികലയുടെ ഈ ചൂതാട്ടം അവരുടെ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കുമോ അതോ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍ ദക്ഷിണ തമിഴ്നാട്ടില്‍ ഇപിഎസിന്റെ കണക്കുകൂട്ടലുകള്‍ ശശികല തെറ്റിക്കുമെന്ന് ഉറപ്പാണ്.
