'അശ്രദ്ധ പരാമർശങ്ങളോ വിമത പ്രവർത്തനങ്ങളോ പാടില്ല'; വാട്സാപ്പ് ഗ്രൂപ്പുകളും ചാറ്റുകളും നിരീക്ഷണത്തിൽ; വിവാദമായി ബി.ജെ.പി മന്ത്രിയുടെ പരാമർശം; ചന്ദ്രശേഖർ ബവൻകുലെ അറസ്റ്റ് ചെയ്യണമെന്ന് ശിവസേന

Update: 2025-10-24 14:13 GMT

മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബി.ജെ.പി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖർ ബവൻകുലെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. പാർട്ടി പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ, വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, സന്ദേശങ്ങൾ എന്നിവയെല്ലാം നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കിയത് പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ബന്ധർ ജില്ലയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഒരു പരിപാടിയിൽവെച്ചാണ് മന്ത്രിയുടെ വിവാദ പരാമർശം. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേ, 'നിങ്ങളുടെ ഫോണിൽ നിങ്ങൾ അമർത്തുന്ന തെറ്റായ ഒരു ബട്ടൺ പോലും അടുത്ത അഞ്ചുവർഷം നഷ്ടപ്പെടുത്തും,' എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ പരാമർശങ്ങളോ വിമത പ്രവർത്തനങ്ങളോ ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ഈ പ്രസ്താവന നടത്തിയത്.

മന്ത്രിയുടെ ഈ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷമായ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) രംഗത്തെത്തി. ഇത് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി ആവശ്യപ്പെട്ടു. ഇന്ത്യൻ ടെലഗ്രാഫ് നിയമപ്രകാരം ബവൻകുലെയ്‌ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെഗാസസ് പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ മന്ത്രി വാങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും റാവത്ത് ആരോപിച്ചു.

ബി.ജെ.പി പ്രവർത്തകരുടെ ഫോൺ ചോർത്തലിൽ ഇത് അവസാനിക്കില്ലെന്നും, മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും സർക്കാർ ചോർത്തുന്നു എന്നതിന്റെ തെളിവാണിതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പിക്കൊപ്പം ഭരണത്തിലുള്ള ശിവസേന (ഷിൻഡെ വിഭാഗം) നേതാക്കളുടെ ഫോണുകളും നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ, ഉദ്ധവ് താക്കറെ, രാജ് താക്കറെ, അജിത് പവാർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലാണെന്ന് റാവത്ത് ആരോപിച്ചു.

ബി.ജെ.പി ഓഫീസുകൾ, സ്വകാര്യ വ്യക്തികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഈ നിരീക്ഷണം നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രസ്താവന ഗുരുതരവും ദേശവിരുദ്ധവുമാണെന്നും റാവത്ത് വിശേഷിപ്പിച്ചു. വിവാദം കനത്തതോടെ, വിശദീകരണവുമായി മന്ത്രി ചന്ദ്രശേഖർ ബവൻകുലെ തന്നെ രംഗത്തെത്തി. താൻ പ്രവർത്തകരുമായുള്ള സംഭാഷണത്തിൽ ഉദ്ദേശിച്ചത് മറ്റൊന്നാണെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഉള്ള മുന്നറിയിപ്പ് മാത്രമാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    

Similar News