'എസ്ഐആർ' നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രി മമത അയച്ച കത്തിന് മറുപടിയില്ല; പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നേരിട്ടെത്തി ആശങ്ക അറിയിച്ച് തൃണമൂൽ പ്രതിനിധി സംഘം
ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് എതിരായ പ്രതിഷേധം ബംഗാളിൽ ശക്തമാകുന്നതിനിടെ, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ആശങ്ക അറിയിച്ചു. എസ്ഐആർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ നൽകിയ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് എംപി ഡെറിക് ഒബ്രിയാൻ്റെ നേതൃത്വത്തിലുള്ള സംഘം കമ്മീഷനെ നേരിൽ കണ്ടത്.
പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം പേരുടെ പേരുകൾ 2002-ലെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് എസ്ഐആർ പ്രക്രിയയുടെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. മാപ്പിംഗ് പ്രക്രിയ പൂർത്തിയാകുമ്പോൾ പൊരുത്തക്കേടുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ, കേരളത്തിലെ എസ്ഐആർ സമയക്രമം മാറ്റില്ലെന്നും കരട് പട്ടിക ഡിസംബർ 9-ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.