ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കുന്നു; നിയോജകമണ്ഡലങ്ങളിലെ എം.പിമാരുടെ എണ്ണം കുറക്കാൻ നീക്കം; ഡി.എം.കെ സർക്കാരിന്റെ മികച്ച പ്രകടനത്തിൽ ബി.ജെ.പിക്ക് അസ്വസ്ഥതയെന്ന് ഉദയനിധി സ്റ്റാലിൻ

Update: 2025-09-24 13:00 GMT

ചെന്നൈ: സംസ്ഥാന സർക്കാരിനെ തകർക്കാൻ ബി.ജെ.പി നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇത്തരം ശ്രമങ്ങൾക്കിടയിലും ഡി.എം.കെ സർക്കാർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ബി.ജെ.പി കേന്ദ്രങ്ങൾക്കും അവരുടെ അനുയായികൾക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സത്തൂരിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഉദയനിധി സ്റ്റാലിൻ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ഡി.എം.കെ ഭരണത്തിലുള്ള അസ്വസ്ഥതകളാണ് ബി.ജെ.പി ഫണ്ട് വിഹിതം, ഭാഷാ അവകാശങ്ങൾ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യമായ തർക്കങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ശ്രമം, അതിർത്തി നിർണയത്തിലൂടെ നിയോജകമണ്ഡലങ്ങളിലെ എം.പിമാരുടെ എണ്ണം 39ൽ നിന്ന് 32 ആയി കുറക്കാനുള്ള നീക്കം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നത് പോലുള്ള ഗുരുതരമായ പ്രശ്നങ്ങളും ബി.ജെ.പി സർക്കാർ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം എല്ലാ പ്രതിസന്ധികളെയും തമിഴ്നാട് മുഖ്യമന്ത്രി വിജയകരമായി നേരിടുന്നതായും ഇത് ബി.ജെ.പിക്ക് കൂടുതൽ പ്രകോപനം സൃഷ്ടിക്കുന്നുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാടിനെ സ്വാധീനിക്കാൻ കഴിയുന്നില്ലെന്നതാണ് ബി.ജെ.പിക്ക് നിരാശ നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ഡി.എം.കെയിൽ വിവിധ വിഭാഗങ്ങൾ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും എ.ഐ.എ.ഡി.എം.കെയിൽ വിഭാഗീയത നിറഞ്ഞുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാടിൻ്റെ ശക്തമായ നിലപാടാണ് ഇത്തരം വിഷയങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News