വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇനി രാഷ്ട്രീയ പോരിലേക്ക്; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി;ഹരിയാന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവും

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇനി രാഷ്ട്രീയ പോരിലേക്ക്

Update: 2024-09-05 00:46 GMT

ന്യൂഡല്‍ഹി: ഗോദയിലെ മത്സരപ്പോരില്‍ നിന്നും രാഷ്ട്രിയപ്പോരില്‍ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യയുടെ ഗുസ്തി താരങ്ങളായ ബജറംഗ് പുനിയയും വിനേഷ് ഫോഗാട്ടും.വരുന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും.മുന്നോടിയായി രണ്ടുപേരും ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

സന്ദര്‍ശനത്തോടെ ഇതിനാണ് സ്ഥീരീകരണം ഉണ്ടായിരിക്കുന്നത്.രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.വിനേഷ് ജുലാന സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം.ജനനായക് ജനതാ പാര്‍ട്ടിയുടെ അമര്‍ജീത് ധണ്ഡയാണ് അവിടത്തെ നിലവിലെ നിയമസഭാ അംഗം. ബജ്‌റംഗ് പുനിയയുടെ സീറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അന്താരാഷ്ട്ര കായിക കോടതിയില്‍ തന്റെ അപ്പീല്‍ തള്ളിയതിന് ശേഷം പാരീസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിനേഷിന് ഗംഭീരസ്വീകരണമാണ് ലഭിച്ചത്. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഹരിയാന സോണിപ്പത്തിലുള്ള വീടുവരെ 110 കിലോമീറ്റര്‍ ദൂരത്ത് പതിനായിരങ്ങളാണ് വിനേഷിന് സ്വീകരണമര്‍പ്പിക്കാന്‍ കാത്തുനിന്നത്. വിനേഷിന് ലഭിച്ച ഈ ജനപിന്തുണയാണ് അവരെ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നല്‍കിയത്. ബി.ജെ.പി. നേതൃത്വവും വിനേഷിന് വരവേല്പൊരുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ഹൂഡ അതിനെയൊക്കെ മറികടന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് വിനേഷിനെ സ്വീകരിച്ചു. ബജ്റംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്ക്കൊപ്പം അണിനിരന്നിരുന്നു.



Tags:    

Similar News