കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ വ്യാജ ലോഗിന്‍ ഉപയോഗിച്ച് ആസൂത്രിതമായി നീക്കി; വോട്ടുകൊള്ളയ്ക്ക് സഹായിക്കുന്നത് തിരഞ്ഞെടുപ്പു കമ്മീഷന്‍; കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ ആറായിരം വോട്ടുകള്‍ നീക്കി; മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് ചോരി ആരോപണത്തില്‍ രണ്ടാം ഘട്ട ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേയാണ് രാഹുല്‍ രംഗത്തുവന്നത്. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണങ്ങള്‍.
കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം ഇത് ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. നേരത്തേ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനച്ചടങ്ങിലാണ് 'ഹൈഡ്രജന്‍ ബോംബ്' പൊട്ടിക്കുമെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയിരുന്നത്.
ഒന്നാമതായി, ഇത് 'ഹൈഡ്രജന്‍ ബോംബ് അല്ല, അത് വരാനിരിക്കുന്നതേയുള്ളൂ. ഈ രാജ്യത്തെ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണ്- രാഹുല്‍ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുന്നു. വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് ആറായിരത്തോളം വോട്ടുകള്‍ നീക്കി. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കമ്മിഷന്‍ പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് പറഞ്ഞു. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവരെയാണ് ഇത്തരത്തില്‍ നീക്കിയതെന്നും രാഹുല്‍ ആരോപിച്ചു.
കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തിരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫീസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന്, ആരാണ് തന്റെ അമ്മാവന്റെ വോട്ട് നീക്കം ചെയ്തതെന്ന് അവര്‍ പരിശോധിച്ചു, അപ്പോഴാണ് ഒരു അയല്‍വാസിയാണ് അത് ചെയ്തതെന്ന് അവര്‍ കണ്ടെത്തിയത്. അവര്‍ അയല്‍വാസിയോട് ചോദിച്ചപ്പോള്‍, താന്‍ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വോട്ട് നീക്കം ചെയ്‌തെന്ന് പറയുന്ന ആള്‍ക്കോ, വോട്ട് നഷ്ടപ്പെട്ട ആള്‍ക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു. -രാഹുല്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ നീക്കുന്നതു വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്കു ചെയ്യുന്നതല്ലെന്നും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കേന്ദ്രീകൃതമായി നടപ്പാക്കുന്ന പ്രവൃത്തിയാണെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടകയ്ക്കു പുറത്തുള്ള കോള്‍ സെന്ററുകള്‍ വഴിയാണു ക്രമക്കേടുകള്‍ നടന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മാത്രമല്ല, ഹരിയാനയിലും യുപിയിലും വോട്ടു കൊള്ള നടന്നുവെന്നും രാഹുല്‍ ആരോപിച്ചു.