2008 മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദം കാരണം; 'ദയവായി പ്രതികരിക്കരുത്' എന്ന് പറയാന്‍ കോണ്ടലീസ റൈസ് പ്രധാനമന്ത്രിയെയും തന്നെയും കാണാനെത്തി; വെളിപ്പെടുത്തലുമായി പി ചിദംബരം; വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിനെ വഴങ്ങിയെന്ന ആരോപണവുമായി ബിജെപി
2008 മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദം കാരണം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാക്കിസ്ഥാനില്‍ വന്‍ നാശം വിതച്ച ആക്രമണം ഇന്ത്യയ്ക്ക് പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നത് താന്‍ ഇടപെട്ടതു കൊണ്ടാണെന്ന് തുടര്‍ച്ചയായി വാദിച്ച ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരന്തരം തലവേദന ഉണ്ടാക്കിയിരുന്നു. ട്രംപിന്റെ തുടര്‍ച്ചയായുള്ള അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാറിനെയാണ് വെട്ടിലാക്കിയത്. ഈ വിഷയം പ്രതിപക്ഷം മോദിക്കെതിരായ ആയുധമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് പിടിവള്ളിയായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.
2008 ലെ മുംബൈ ഭീകരാക്രമണ പരമ്പരക്ക് പാക്കിസ്താനെതിരെ പ്രതികാരം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് അമേരിക്കയുടെയും മറ്റുള്ളവരുടെയും സമ്മര്‍ദം കാരണമെന്ന വെളിപ്പെടുത്തലാണ് വിവാദമാകുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന ആരോപണം ഉയര്‍ത്തിയാണ് ബിജെപി ഇതോടെ രംഗത്തുവന്നത്. അന്താരാഷ്ട്ര സമ്മര്‍ദവും വിദേശകാര്യ മന്ത്രാലയത്തിന്റെയും മറ്റും നിലപാട് കാരണം അന്നത്തെ യു.പി.എ സര്‍ക്കാര്‍ പാകിസ്താനെതിരെ പ്രതികാരം ചെയ്യേണ്ടെന്നും സൈനിക നടപടി വേണ്ടെന്നും തീരുമാനിക്കുകയായിരുന്നെന്നാണ് ചിദംബരം വെളിപ്പെടുത്തിയത്. തനിക്ക് പ്രതികാരം ചെയ്യാന്‍ തോന്നിയിരുന്നെന്നും അദ്ദേഹം സമ്മതിച്ചു.
ഭീകരാക്രമണമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിദംബരം ചുമതലയേറ്റത്. യുദ്ധം ആരംഭിക്കരുതെന്ന് പറയാന്‍ ലോകം മുഴുവന്‍ ഡല്‍ഹിയിലേക്ക് വന്നു എന്ന് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു. ഞാന്‍ ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാന്‍ എത്തി. 'ദയവായി പ്രതികരിക്കരുത്' എന്ന് പറയാന്‍. ഇത് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു.
ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ, നമുക്ക് എന്തെങ്കിലും പ്രതികാര നടപടി സ്വീകരിക്കണമെന്ന് എനിക്ക് മനസ്സില്‍ തോന്നിയിരുന്നു. സാധ്യമായ പ്രതികാര നടപടിയെക്കുറിച്ച് പ്രധാനമന്ത്രിയുമായും പ്രധാനപ്പെട്ട മറ്റ് ആളുകളുമായും ചര്‍ച്ച ചെയ്തു. ആക്രമണം നടക്കുമ്പോള്‍ പോലും പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സ്വാധീനത്താല്‍ സാഹചര്യത്തോട് നമ്മള്‍ പ്രതികരിക്കരുതെന്ന നിഗമനത്തിലെത്തി -അദ്ദേഹം ഓര്‍മ്മിച്ചു.
2008 നവംബര്‍ 26ന് 10 പാക് ഭീകരരുടെ സംഘം ഛത്രപതി ശിവാജി മഹാരാജ് ട്രെയിന്‍ സ്റ്റേഷന്‍, ഒബ്‌റോയ് ട്രൈഡന്റ്, താജ്മഹല്‍ പാലസ് ആന്‍ഡ് ടവര്‍ ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ, കാമ ആശുപത്രി, നരിമാന്‍ ഹൗസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. ഏതാണ്ട് 60 മണിക്കൂറുകള്‍ക്കുശേഷം നവംബര്‍ 29ന് ഇന്ത്യന്‍ സൈന്യം അക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുന്നത് വരെ ആക്രമണം നീണ്ടു. 22 വിദേശികളടക്കം 175 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ പോലീസ് പിടികൂടിയ ഭീകരരില്‍ ഒരാളായ അജ്മല്‍ കസബിനെ 2012ല്‍ തൂക്കിലേറ്റി.
അതേസമയം, ചിദംബരത്തിന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. വിദേശ ശക്തികളുടെ സമ്മര്‍ദം മൂലമാണ് മുംബൈ ആക്രമണം തെറ്റായി കൈകാര്യം ചെയ്തതെന്ന രാജ്യത്തിന് അറിയാവുന്ന കാര്യം 17 വര്‍ഷങ്ങള്‍ക്കുശേഷം മുന്‍ ആഭ്യന്തര മന്ത്രി സമ്മതിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാക്കിസ്താനെതിരായ സൈനിക നടപടി തടഞ്ഞ മറ്റുള്ളവര്‍ ആരാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല ചോദിച്ചു. സോണിയ ഗാന്ധിയോ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങോ ആണോ ആ നീക്കം തടഞ്ഞത് എന്നും അദ്ദേഹം ചോദിച്ചു. കോണ്ടലീസ റൈസിന്റെ സ്വാധീനത്തിലാണ് യു.പി.എ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോപിച്ച അദ്ദേഹം, എന്തുകൊണ്ടാണ് യു.പി.എ സര്‍ക്കാര്‍ അവരില്‍നിന്ന് ഉത്തരവുകള്‍ സ്വീകരിച്ചതെന്നും സോണിയ ഗാന്ധി ആഭ്യന്തരമന്ത്രിയെ മറികടന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.