'രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍'; നീക്കം ഗില്ലിന് അമിതഭാരം അടിച്ചേൽപ്പിക്കും, താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും മുഹമ്മദ് കൈഫ്

Update: 2025-10-06 11:07 GMT

ലക്നൗ: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെ തിരക്കിട്ട് കൊണ്ടുവന്നതിന് പിന്നിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ നീക്കം ഗില്ലിന് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുമെന്നും ഇത് താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് യൂട്യൂബ് വീഡിയോയിൽ വെളിപ്പെടുത്തി. ശുഭ്മാൻ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, അത് 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് കൈഫ് പറഞ്ഞു.

രോഹിത് ശർമ്മയെ ഇപ്പോഴും ക്യാപ്റ്റനായി പരിഗണിക്കാവുന്നതാണെന്നും അദ്ദേഹത്തിന്റെ ഫിറ്റ്നസ് മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അദ്ദേഹത്തിന്റെ ചുമലിൽ അധിക ഉത്തരവാദിത്തം വച്ചുകെട്ടുകയാണ് സെലക്ടർമാർ ചെയ്തിരിക്കുന്നതെന്നും ഇത് ടീമിന് തിരിച്ചടിയായേക്കാമെന്നും കൈഫ് സൂചിപ്പിച്ചു.

ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തിന് പിന്നാലെ ഏകദിന ക്യാപ്റ്റൻ സ്ഥാനവും ടി20യുടെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ഗില്ലിന് നൽകിയതിനെക്കുറിച്ച് സംസാരിക്കവെ, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോം മോശമായ സാഹചര്യത്തിൽ അടുത്ത ടി20 ലോകകപ്പിന് ശേഷം ഗിൽ ടി20 ക്യാപ്റ്റനാവുമെന്നും അദ്ദേഹം പ്രവചിച്ചു. ഒരു കളിക്കാരനും സ്വയം ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെടില്ലെന്നും അതിനാൽ ഈ നീക്കത്തിന് പിന്നിൽ അഗാർക്കറുടെ സമ്മർദ്ദമുണ്ടെന്ന് കരുതുന്നതായും കൈഫ് വ്യക്തമാക്കി.

Tags:    

Similar News