'മധ്യ ഓവറുകളിൽ ഇന്ത്യ വിയർക്കും'; നെറ്റ്സിലെ ബാറ്റിങും സമ്മർദ്ദഘട്ടത്തിലെ മത്സരവും വ്യത്യസ്തം; ഫോം പരിഗണിക്കാതെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷണാഫ്രിക്കയെ നേരിടാൻ തയാറെടുക്കുന്ന ഇന്ത്യൻ ബാറ്റിങ് നിരയിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടീമിൽ ഇടംകൈയൻ ബാറ്റ്‌സ്മാൻമാരുടെ ആധിക്യം എതിരാളികൾക്ക് മുതലെടുക്കാൻ അവസരമൊരുക്കുമെന്നും, ഫോം പരിഗണിക്കാതെ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നുമാണ് കൈഫിന്റെ നിർദ്ദേശം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറിയത് ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ നിരീക്ഷണം.
അമേരിക്കയുടെ ഹർമീത് സിംഗ് (2/26), നമീബിയയുടെ ജെറാര്‍ഡ് ഇറാസ്മസ് (4/20), പാകിസ്ഥാന്‍റെ സയിം അയ്യൂബ് (3/25), നെതർലൻഡ്‌സിന്‍റെ ആര്യൻ ദത്ത് (2/19) എന്നിവർ ഇന്ത്യൻ ബാറ്റിങ് നിരയെ ഗ്രൂപ്പ് ഘട്ടത്തിൽ വെള്ളം കുടിപ്പിച്ചിരുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായത് ആശങ്കാജനകമാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യൻ ഇലവനിൽ നിലവിൽ നിരവധി ഇടംകൈയൻമാരുണ്ടെന്നും സൂര്യകുമാർ യാദവ് കളിച്ചാൽ പോലും മധ്യ ഓവറുകളിൽ രണ്ട് ഇടംകൈയൻമാർ ഒരേസമയം ക്രീസിലുണ്ടാകാൻ സാധ്യതയുണ്ടെന്നും കൈഫ് വിലയിരുത്തി. സഞ്ജു സാംസൺ നിലവിൽ മികച്ച ഫോമിലായിരിക്കില്ലെങ്കിലും, ഓഫ് സ്പിന്നിനെ നേരിടാൻ കഴിയുന്ന ഒരു വലംകൈയൻ ബാറ്റർ എന്ന നിലയിൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും.
ഓഫ് സ്പിന്നിനെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളെയും കൈഫ് ചോദ്യം ചെയ്തു. വാഷിംഗ്ടൺ സുന്ദർ ടീമിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ പന്തുകൾ കാര്യമായി തിരിയാത്തതുകൊണ്ട് നെറ്റ്സിൽ നേരിട്ടത് കൊണ്ട് കാര്യമായ ഗുണമില്ല. നെറ്റ്സിലെ ബാറ്റിങ്ങും സമ്മർദ്ദഘട്ടത്തിലെ മത്സരവും തികച്ചും വ്യത്യസ്തമാണെന്നും കൈഫ് ഓർമ്മിപ്പിച്ചു. ഐപിഎല്ലിൽ പാർട്ട് ടൈം ഓഫ് സ്പിന്നർമാരെയാണ് ഇടംകൈയൻ ബാറ്റ്‌സ്മാൻമാർ പലപ്പോഴും നേരിടാറുള്ളതെങ്കിൽ, ലോകകപ്പ് വേദിയിൽ പ്രൊഫഷണൽ ഓഫ് സ്പിന്നർമാർ ഇത് ഇന്ത്യയുടെ വലിയ ദൗർബല്യമാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
