ഹാട്രിക് മാൻ ഓഫ് ദി മാച്ച് തിളക്കത്തിൽ സമീർ റിസ്‍വി; അടുത്ത മത്സരത്തിലും താരമായാൽ ഐപിഎല്ലിൽ ചരിത്ര റെക്കോർഡ്; ഡൽഹി ക്യാപിറ്റൽസിന്റെ നട്ടെല്ലായി സിഎസ്കെ കൈവിട്ട യുവതാരം

Update: 2026-04-06 12:04 GMT

ഡൽഹി: ഐപിഎല്ലിൽ അവിശ്വസനീയ പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസിന്റെ യുവ ബാറ്റർ സമീർ റിസ്‍വി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിച്ച റിസ്‍വി, തുടർച്ചയായി രണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ തുടരെ മൂന്ന് മത്സരങ്ങളിൽ കളിയിലെ താരമാകുന്ന എലീറ്റ് പട്ടികയിൽ റിസ്‍വിയും ഇടംപിടിച്ചു.

കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലും റിസ്‍വി തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച്. ഈ മികവ് പുതിയ സീസണിലും ആവർത്തിച്ചതോടെയാണ് താരം ചരിത്ര നേട്ടത്തിനരികിലെത്തിയത്. അടുത്ത മത്സരത്തിൽ കൂടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോർഡ് റിസ്‍വിക്ക് സ്വന്തമാകും.

കഴിഞ്ഞ സീസണിലെ അവസാന പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ 25 പന്തിൽ 58 റൺസ് അടിച്ചുകൂട്ടിയാണ് റിസ്‍വി വിജയശില്പിയായത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 47 പന്തിൽ 70 റൺസും, മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം പോരാട്ടത്തിൽ 51 പന്തിൽ 90 റൺസും അടിച്ചുകൂട്ടിയ താരം ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായി മാറിക്കഴിഞ്ഞു.

തുടർച്ചയായി മൂന്ന് തവണ കളിയിലെ താരമെന്ന നേട്ടം സ്വന്തമാക്കുന്ന ഐപിഎല്ലിലെ ഏഴാമത്തെ താരമാണ് റിസ്‍വി. ഇതിഹാസ താരം ജാക്വിസ് കാലിസാണ് (2010, റോയൽ ചലഞ്ചേഴ്സ് ബംഗളുരു) ഈ പട്ടികയിൽ ആദ്യമായി ഇടംപിടിച്ചത്. വീരേന്ദർ സെവാഗ്, ആരോൺ ഫിഞ്ച്, വിരാട് കോഹ്‍ലി, ജോസ് ബട്ലർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് ഈ നേട്ടം ഇതിനുമുമ്പ് സ്വന്തമാക്കിയിട്ടുള്ളവർ.

2024ലെ താരലേലത്തിൽ 8.40 കോടി രൂപയുടെ വൻ തുകയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് റിസ്‍വിയെ ടീമിലെത്തിച്ചത്. എന്നാൽ ഒറ്റ സീസണിനു ശേഷം സിഎസ്കെ താരത്തെ റിലീസ് ചെയ്തു. പിന്നാലെ 95 ലക്ഷം രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസിന് റിസ്‍വി നൽകുന്നത് കോടികളേക്കാൾ മൂല്യമുള്ള പ്രകടനമാണ്.

Tags:    

Similar News