'ഇനിയും കളിക്കണമെന്നുണ്ടായിരുന്നു, വിരമിക്കൽ പ്രഖ്യാപിക്കാൻ ഉണ്ടായ കാരണം അതായിരുന്നു'; പക്ഷെ ആ നിരാശ ഇപ്പോഴും ബാക്കിയായി; ചെന്നൈ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് അശ്വിന്‍

Update: 2026-04-06 10:19 GMT

ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഉലയുന്നതിനിടെ, ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഏപ്രിൽ 5-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് വഴങ്ങിയ കനത്ത പരാജയത്തിന് പിന്നാലെയാണ്, തന്റെ മുൻ ടീമിനെതിരെ അശ്വിൻ മനസ്സ് തുറന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിലുണ്ടായിരുന്ന താൻ നേരിട്ട മാനസിക വിഷമങ്ങളും അപ്രതീക്ഷിത വിരമിക്കലിലേക്ക് നയിച്ച കാരണങ്ങളും വൈകാരികമായാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

2025 സീസൺ അവസാനത്തോടെ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ചെന്നൈ മാനേജ്‌മെന്റിന്റെ സമീപനമാണെന്ന സൂചനയാണ് അശ്വിൻ നൽകുന്നത്. താരം പറഞ്ഞത് ഇങ്ങനെ: "കഴിഞ്ഞ വർഷം ചെന്നൈ ടീമിനൊപ്പം എനിക്ക് വ്യക്തിപരമായും അല്ലാതെയും വലിയ നിരാശയാണ് സമ്മാനിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് ഇനിയും കളിക്കാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ മാനസികമായി ഞാൻ തകർന്നുപോയി. ആ വേദനയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യമില്ല, അത് അത്രമേൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്."

ചെന്നൈയിൽ കരിയർ തുടങ്ങി അവിടെത്തന്നെ അവസാനിപ്പിക്കണമെന്ന മോഹം ബാക്കിയുണ്ടായിരുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു. താൻ സ്വയം വിരമിക്കൽ പ്രഖ്യാപിച്ചാൽ തന്നെ ഒഴിവാക്കണോ വേണ്ടയോ എന്ന തലവേദന മാനേജ്‌മെന്റിന് ഉണ്ടാകില്ലല്ലോ എന്ന് കരുതിയാണ് ആ തീരുമാനമെടുത്തത്. ഇതിലൂടെ അവർക്ക് 10 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞു. ടീമിനെപ്പറ്റി വലിയ പ്രതീക്ഷകളുണ്ടായിരുന്നു, ഇപ്പോഴും ആ നിരാശ ബാക്കിയുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

ബെംഗളൂരുവിനെതിരായ മത്സരത്തിൽ ചെന്നൈ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും ആർസിബി ഉയർത്തിയ 250 റൺസെന്ന കൂറ്റൻ സ്കോർ ചെന്നൈയെ തകർത്തു കളഞ്ഞുവെന്ന് അശ്വിൻ നിരീക്ഷിച്ചു. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2026 സീസണിന് മുന്നോടിയായി യുവതാരങ്ങളായ കാർത്തിക് ശർമ്മയെയും പ്രശാന്ത് വീറിനെയും ഏകദേശം 28 കോടി രൂപ മുടക്കി ടീമിലെത്തിച്ച ചെന്നൈയുടെ തന്ത്രം പാളിയെന്നും വിമർശനമുയരുന്നുണ്ട്.

വൻ തുക മുടക്കിയിട്ടും ഈ താരങ്ങൾക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് മാനേജ്‌മെന്റിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തുടർച്ചയായ മൂന്ന് തോൽവികളുമായി പോയിന്റ് പട്ടികയിൽ പിന്നിലായ ചെന്നൈക്ക് ഇനി അഞ്ച് ദിവസത്തെ ഇടവേളയാണുള്ളത്. ഏപ്രിൽ 11-ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് അടുത്ത മത്സരം. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ജയത്തിൽ കുറഞ്ഞതൊന്നും സിഎസ്‌കെയ്ക്ക് ചിന്തിക്കാനാവില്ല.

Tags:    

Similar News