ഹൈദരാബാദിനെതിരെ ലഖ്നൗവിന് ആവേശജയം; ഗാലറിയിൽ വികാരാധീനനായി ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ ഋഷഭ് പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം; വൈറലായി വീഡിയോ

Update: 2026-04-05 17:27 GMT

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ ഗാലറിയിൽ വികാരനിർഭരമായ രംഗങ്ങൾ. ടീം വിജയവര കടന്ന നിമിഷം ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് സന്തോഷം കൊണ്ട് കരച്ചിലടക്കാനായില്ല. കണ്ണ് തുടച്ചുകൊണ്ട് ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹം ക്യാപ്റ്റൻ ഋഷഭ് പന്തിനെ കെട്ടിപ്പിടിച്ച് വിജയം ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

മത്സരത്തിലുടനീളം കടുത്ത സമ്മർദ്ദത്തിലായിരുന്ന ഗോയങ്ക ഇടയ്ക്കിടെ പ്രാർഥിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റപ്പോൾ മൈതാനത്തിനരികിൽ വെച്ച് ക്യാപ്റ്റനോട് കയർത്തു സംസാരിക്കുന്ന ഗോയങ്കയുടെ ചിത്രം ഏറെ ചർച്ചയായിരുന്നു. എന്നാൽ സൺറൈസേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടിയതോടെ ആ പഴയ 'കലിപ്പൻ' ഉടമയിൽ നിന്നും വികാരാധീനനായ ക്രിക്കറ്റ് പ്രേമിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 156 റൺസിൽ ഒതുക്കിയ ലക്നൗ, ഒരു പന്ത് ബാക്കിനിൽക്കെയാണ് ലക്ഷ്യം കണ്ടത്. മൂന്നാം നമ്പറിലിറങ്ങി 50 പന്തിൽ 68 റൺസ് അടിച്ചുകൂട്ടിയ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ലക്നൗവിന് കരുത്തായത്. അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണമെന്നിരിക്കെ, ജയദേവ് ഉനദ്കട്ടിനെതിരെ മൂന്ന് ഫോറുകൾ പായിച്ച് പന്ത് ടീമിനെ വിജയതീരത്തെത്തിച്ചു. ഹൈദരാബാദിന്റെ സീസണിലെ രണ്ടാം തോൽവിയാണിത്. ലക്നൗ ജയത്തോടെ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നു.

Tags:    

Similar News