അര്‍ധ സെഞ്ചുറികളും സെഞ്ചുറി കൂട്ടുകെട്ടും; എട്ട് ഓവറില്‍ നാല് വിക്കറ്റിന് 26 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഹൈദരബാദിനെ രക്ഷിച്ച് ക്ലാസനും നിതീഷും; ലഖ്‌നൗവിന് 157 റണ്‍സ് വിജയലക്ഷ്യം

Update: 2026-04-05 12:29 GMT

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മുന്നില്‍ 157 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. എട്ടാം ഓവറില്‍ 26-4ലേക്ക് തകര്‍ന്നടിഞ്ഞശേഷം അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് 62 പന്തില്‍ 116 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്റെ ടോപ് സ്‌കോററായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി. അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ ട്രാവിസ് ഹെഡ് ഏഴും ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ലക്‌നൗവിനായി മുഹമ്മദ് ഷമിയും ആവേശ് ഖാനും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഒരു ഘട്ടത്തില്‍ എട്ടാം ഓവറില്‍ 26 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും, ഹെന്റിച്ച് ക്ലാസന്റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമിയുടെ തീപ്പൊരി പന്തുകള്‍ ഹൈദരാബാദിനെ വിറപ്പിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ (0) മടക്കിയ ഷമി, തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിനെ (7) കൂടി പുറത്താക്കി ഹൈദരാബാദിനെ ഞെട്ടിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (1), ലിയാം ലിവിംഗ്സ്റ്റണ്‍ (14) എന്നിവരും വേഗത്തില്‍ മടങ്ങിയതോടെ ഹൈദരാബാദ് വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വെറും 35 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.

ഹൈദരാബാദിനെ ഞെട്ടിച്ചത് മുഹമ്മദ് ഷമിയുടെ തീ പന്തുകളയിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേകിനെ പൂജ്യനായി മടക്കിയ ഷമി തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിനെ കൂടി പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തി. നാലാം ഓവറില്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ പ്രിന്‍സ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഹൈദരാബാദ് കൂട്ടത്തകര്‍ച്ചയിലായി. ലിയാം ലിവിംഗ്‌സറ്റണ്‍(14) പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേക്ക് പിന്നാലെ ദിഗ്വേഷ് റാത്തിക്ക് മുന്നില്‍ വീണു, ഇതോടെ എട്ടാം ഓവറില്‍ ഹൈദരാബാദ് 26-4ലേക്ക് കൂപ്പുകുത്തി.10 ഓവര്‍ കഴിയുമ്പോള്‍ 35-4 എന്ന നിലയിലായിരുന്നു ഹൈദരാബാദ്.

പതിനൊന്നാം ഓവറില്‍ പ്രിന്‍സ് യാദവിനെ രണ്ട് സിക്‌സുകള്‍ക്ക് പറത്തി നിതീഷും ക്ലാസനും കരുത്തുകാട്ടി. പിന്നീട് ലക്‌നൗ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ചു കളിച്ച ഇരുവരും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ആവേശ് ഖാന്‍ എറിഞ്ഞ പതിനാലാം ഓവറില്‍ ക്ലാസന്‍ നാലു ബൗണ്ടറികള്‍ അടക്കം 19 റണ്‍സാണ് അടിച്ചെടുത്തു.ദിഗ്വേഷ് റാത്തി എറിഞ്ഞ പതിനഞ്ചാം ഓവറില്‍ നിതീഷ് മൂന്ന് സിക്‌സുകള്‍ അടക്കം 22 റണ്‍സടിച്ച് ഹൈദരാബാദിനെ 100 കടത്തി.

എന്നാല്‍ പതിനെട്ടാം ഓവറില്‍ നീതീഷിനെ പുറത്താക്കി എം സിദ്ധാര്‍ത്ഥ് കൂട്ടുകെട്ട് പൊളിച്ചതോടെ ഹൈദരാബാദ് വീണ്ടും തകര്‍ന്നു. പത്തൊമ്പതാം ഓവറില്‍ ഹെന്റിച്ച് ക്ലാസനെയും ഹര്‍ഷ് ദുബെയെയും പുറത്താക്കിയ ആവേശ് ഖാന്‍ രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പ്രിന്‍സ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ ശിവാംഗ് കുമാര്‍ കൂടി പുറത്തായതോടെ ഹൈദരാബാദ് സ്‌കോര്‍ 156 റണ്‍സിലൊതുങ്ങി. ലക്‌നൗവിനായി മുഹമ്മദ് ഷമി നാലോവറില്‍ 9 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആവേശ് ഖാന്‍ 36 റണ്‍സിനും പ്രിന്‍സ് യാദവും 34 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

Similar News