ഇന്ത്യ കൈവിട്ടാല്‍ കളി നടക്കില്ല! ലോകകപ്പ് ബഹിഷ്‌കരിച്ച ബംഗ്ലാദേശ് പത്തിമടക്കി; ബിസിസിഐക്ക് മുന്നില്‍ അപേക്ഷയുമായി ബിസിബി; സാമ്പത്തിക അടിത്തറ കാക്കാന്‍ നീക്കം!
മുംബൈ: ട്വന്റി20 ലോകകപ്പ് ബഹിഷ്‌കരണമൊക്കെ പഴങ്കഥ. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാനും അതുവഴി തങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നിര്‍ണ്ണായക നീക്കവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (BCB). ഈ വര്‍ഷം സെപ്റ്റംബറില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം യാഥാര്‍ത്ഥ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബിസിബി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (BCCI) കത്തയച്ചു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു.
ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെയാണ് ഐസിസി ഉള്‍പ്പെടുത്തിയത്. ലോകകപ്പ് ബഹിഷ്‌കരിച്ചതോടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായത്. ഇതിനുപുറമെ, ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സ്വന്തം രാജ്യത്തെ താരങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കടുത്ത വിമര്‍ശനവും അന്വേഷണവും ബിസിബി നേരിടുന്നുണ്ട്.
സെപ്റ്റംബറിലെ പരമ്പരയ്ക്ക് പുറമെ അടുത്ത വര്‍ഷം ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിനെക്കുറിച്ചും ബിസിസിഐക്ക് അയച്ച കത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശ് പര്യടനത്തിന്റെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇന്ത്യ ഈ പരമ്പരയില്‍ നിന്ന് പിന്മാറിയാല്‍ അത് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് ക്രിക്കറ്റ് മൈതാനത്തെയും ബാധിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു കൊല്‍ക്കത്തയുടെ ഈ നടപടി. ഇതിന് പിന്നാലെയാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബംഗ്ലാദേശ് ലോകകപ്പിനെത്തില്ലെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, ബിസിബിയില്‍ വലിയ ഭരണപരമായ മാറ്റങ്ങള്‍ക്കും സാധ്യത തെളിയുന്നുണ്ട്. നിലവിലെ പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുളിന് പകരം മുന്‍ ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ ബോര്‍ഡ് തലപ്പത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുമായി വീണ്ടും മത്സരങ്ങള്‍ തുടങ്ങുന്നതിനോട് തമീമിന് അനുകൂല നിലപാടാണുള്ളത്. ഇന്ത്യയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം.
