രോഹിത് ശര്‍മ്മ ഔട്ടായതുപോലെ പിച്ചില്‍ നിന്നും തിരിഞ്ഞു നടന്നു; അത് കണ്ടതോടെ പന്ത് ബാറ്റില്‍ തട്ടി എന്ന് ഉറപ്പിച്ച് ഡിആര്‍എസിലേക്ക്; കുല്‍ദീപിന്റെ റിവ്യു ദൗര്‍ബല്യം തിരിച്ചറിഞ്ഞുള്ള നാടകം; ഡല്‍ഹിക്ക് നഷ്ടമായത് വിലപ്പെട്ട ഒരു ഡിആര്‍എസ്; ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെ പറ്റിച്ചതിന്റെ കാരണം പറഞ്ഞ് രോഹിത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡിആര്‍എസ് പാഴാക്കാന്‍ ഗ്രൗണ്ടില്‍ 'പുറത്തായതായി അഭിനയിച്ച്' കുല്‍ദീപ് യാദവിനെയും കെ എല്‍ രാഹുലിനെയും കബളിപ്പിച്ചത് തുറന്നു പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സ് ബാറ്റിങ്ങിനിടെ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തിലാണു സംഭവം. കുല്‍ദീപിന്റെ ലെഗ് സൈഡിലെ പന്തില്‍ രോഹിത് ഒരു സ്വീപ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ രോഹിതിന്റെ പാഡില്‍ തട്ടിയ പന്ത് ഡല്‍ഹി വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുല്‍ പിടിച്ചെടുത്തു. കുല്‍ദീപും രാഹുലും രോഹിതിന്റെ ബാറ്റില്‍ പന്ത് തട്ടിയിട്ടുണ്ടോയെന്നു സംശയിച്ചു നില്‍ക്കെയായിരുന്നു താരത്തിന്റെ നാടകം.
രോഹിത് ശര്‍മ്മ ഔട്ടായതുപോലെ പിച്ചില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ തുടങ്ങി. രോഹിത് നടക്കുന്നത് കണ്ടതോടെ പന്ത് ബാറ്റില്‍ തട്ടി എന്ന് ഡല്‍ഹി താരങ്ങള്‍ ഉറപ്പിച്ചു. ഉടന്‍ തന്നെ കുല്‍ദീപും രാഹുലും റിവ്യൂ എടുക്കാന്‍ നായകന്‍ അക്‌സര്‍ പട്ടേലിനോട് ആവശ്യപ്പെട്ടു. അക്‌സര്‍ റിവ്യു എടുക്കുകയും ചെയ്തു. എന്നാല്‍ ടിവി അമ്പയറുടെ പരിശോധനയില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നും പാഡിലാണ് കൊണ്ടതെന്നും വ്യക്തമായി. ഇതോടെ ഡല്‍ഹിക്ക് ഒരു വിലപ്പെട്ട റിവ്യു നഷ്ടമായി. മത്സരശേഷമാണ് രോഹിത് അത് താന്‍ മനപൂര്‍വം ചെയ്തതാണെന്ന് വ്യക്തമാക്കിയത്.
തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബാറ്റില്‍ പന്തു തട്ടിയിട്ടില്ലെന്നു തെളിഞ്ഞതോടെ ഡല്‍ഹി താരങ്ങള്‍ക്കു നിരാശയിലായി. ഡല്‍ഹിക്ക് ഒരു ഡിആര്‍എസ് അവസരം നഷ്ടമാകുകയും ചെയ്തു. സംഭവത്തെക്കുറിച്ചു രോഹിത് മത്സരത്തിനു ശേഷം പ്രതികരിച്ചു. ചെറിയ സാധ്യത ഉണ്ടെങ്കില്‍ പോലും റിവ്യുവിനു പോകാനുള്ള കുല്‍ദീപിന്റെ താല്‍പര്യം അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തമാശ ചെയ്തതെന്നു രോഹിത് വ്യക്തമാക്കി. ''എനിക്ക് കുല്‍ദീപിനെ നന്നായി അറിയാം. അവന് ഡിആര്‍എസ് പോകാന്‍ പ്രത്യേക താല്‍പര്യമാണ്. ഞാന്‍ അവിടെ കുറച്ചു ഭാഗ്യപരീക്ഷണം കൂടിയാണു നടത്തിയത്. എന്നാല്‍ അടുത്ത ഓവറില്‍ തന്നെ ഞാന്‍ പുറത്തായി. കുറച്ചുനേരം കൂടി ക്രീസില്‍ തുടരണമെന്ന് എനിക്കുണ്ടായിരുന്നു. കുല്‍ദീപ് 50-50 ചാന്‍സ് ആണെങ്കില്‍ പോലും റിവ്യുവിനു ശ്രമിക്കും. അതുകൊണ്ടാണു ഞാന്‍ വെറുതെ മുന്നോട്ടു നടന്നത്.''- രോഹിത് ശര്‍മ വ്യക്തമാക്കി.
മത്സരത്തില്‍ 26 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 35 റണ്‍സാണു നേടിയത്. ഒരു സിക്‌സും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ രോഹിതിനെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ നിതീഷ് റാണ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. മത്സരത്തില്‍ ആറു വിക്കറ്റ് വിജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 20 ഓവറില്‍ മുംബൈ വിയര്‍ത്തു ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇംപാക്ട് പ്ലെയറായ സമീര്‍ റിസ്വിയുടെ കരുത്തില്‍ ഡല്‍ഹി 11 പന്ത് ശേഷിക്കെ അനായാസമാണ് മറികടന്നത്. ഈ സീസണില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയവും റിസ്വിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചറിയുമാണിത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക്, സ്വന്തം തട്ടകമായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറില്‍ തന്ന ഓപ്പണറായ കെ.എല്‍.രാഹുലിനെയും (1), പിന്നാലെ നിതീഷ് റാണയെയും (0) നഷ്ടമായ ഡല്‍ഹി 2 ഓവര്‍ അവസാനിക്കുമ്പോള്‍ 2ന് 7 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ താരം പാത്തും നിസ്സങ്കയുടെ (30 പന്തില്‍ 44) കരുതലോടെയുള്ള ബാറ്റിങ് ഡല്‍ഹിയുടെ സ്‌കോര്‍ പതിയെ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ നിസ്സങ്ക - റിസ്വി സഖ്യം ഉയര്‍ത്തിയ 66 റണ്‍സ് കൂട്ടുകെട്ടാണ് ഡല്‍ഹിയുടെ വിജയത്തിന്റെ അടിത്തറ പാകിയത്. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ നിസ്സങ്ക മടങ്ങിയെങ്കിലും ഡേവിഡ് മില്ലറിനെ കൂട്ടുപിടിച്ച് (21) റിസ്വി സ്‌കോറിങ് വേഗത്തിലാക്കി. മുംബൈയുടെ ബാറ്റിങ്ങില്‍ ആകെ പിറന്നത് 4 സിക്‌സറുകള്‍ മാത്രമാണെങ്കില്‍ ഡല്‍ഹിയുടെ യുപി പയ്യന്‍സ് സമീര്‍ റിസ്വിയുടെ ബാറ്റില്‍ നിന്നുമാത്രം വിരിഞ്ഞത് 7 സിക്‌സും 7 ഫോറുമാണ്.
മൂന്നാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ 78 റണ്‍സ് കൂട്ടുകെട്ടില്‍ 65 റണ്‍സും വന്നതു റിസ്വിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ നിന്നു തന്നെ. സെഞ്ചറിക്കു 10 റണ്‍സ് അകലെ റിസ്വി പുറത്തായെങ്കിലും അപ്പോഴേക്കും ഡല്‍ഹിയുടെ വിജയദൂരം 11 റണ്‍സായി കുറഞ്ഞിരുന്നു. മുംബൈയ്ക്കായി ദീപക് ചാഹര്‍, മിച്ചല്‍ സാന്റ്‌നര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് മുകേഷ് കുമാറിന്റെ മൂന്നാം ഓവറില്‍ തന്നെ 2 വിക്കറ്റ് നഷ്ടമായിരുന്നു. റയാന്‍ റിക്കല്‍റ്റനും (9), തിലക് വര്‍മയും (0) മുകേഷിന്റെ മുന്‍പില്‍ അടിയറവു വച്ചപ്പോള്‍ മുംബൈ 2ന് 18 എന്ന നിലയിലായി. വേഗം കുറഞ്ഞ പിച്ചില്‍ രോഹിത് ശര്‍മയുടെയും (26 പന്തില്‍ 35), സൂര്യകുമാര്‍ യാദവിന്റെയും (36 പന്തില്‍ 51) ചെറുത്തുനില്‍പാണ് മുംബൈയ്ക്ക് 162 റണ്‍സ് എന്ന ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. മുകേഷ് 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലുങ്ഗി എന്‍ഗിഡി, അക്ഷര്‍ പട്ടേല്‍, വിപ്‌രാജ് നിഗം, ടി.നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
