'യാതൊരു സമ്മർദ്ദവുമില്ലാതെ ബാറ്റു വീശി, മൂന്നാം നമ്പറിൽ താരം അനുയോജ്യൻ'; പുതിയ തലമുറയുടെ മനോഭാവം അതിശയിപ്പിക്കുന്നത്; ആയുഷ് മാത്രയെ വാനോളം പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍

Update: 2026-04-05 10:36 GMT

ചെന്നൈ: ചെന്നൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനോട് ചെന്നൈ സൂപ്പർ കിങ്‌സ് തോൽവി വഴങ്ങിയ പശ്ചാത്തലത്തിൽ, ടീമിന്റെ പോരായ്മകളും പോസിറ്റീവ് വശങ്ങളും ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. 18-കാരനായ ആയുഷ് മാത്രെയുടെ തകർപ്പൻ ബാറ്റിങ്ങിനെ പ്രശംസിച്ച ഗവാസ്‌കർ, ചെന്നൈയുടെ ബൗളിങ് നിരയിലെ പാളിച്ചകളിൽ ആശങ്ക പ്രകടിപ്പിച്ചു.

പഞ്ചാബിനെതിരെ 43 പന്തിൽ 73 റൺസ് അടിച്ചുകൂട്ടിയ ആയുഷ് മാത്രെയുടെ പ്രകടനമാണ് ഗവാസ്‌കറെ ആകർഷിച്ചത്. "മാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷൻ മൂന്നാം നമ്പറാണ്. മുൻ മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായതിന്റെ യാതൊരു സമ്മർദ്ദവും ഇല്ലാതെയാണ് താരം ഇന്ന് കളിച്ചത്. ഭൂതകാലത്തെക്കുറിച്ചോർത്ത് വിഷമിക്കാതെ വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ തലമുറയുടെ മനോഭാവം അതിശയിപ്പിക്കുന്നതാണ്," ഗവാസ്‌കർ പറഞ്ഞു.

209 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടിയിട്ടും പഞ്ചാബ് എട്ട് പന്ത് ബാക്കിനിൽക്കെ വിജയം കണ്ടത് ചെന്നൈയുടെ ബൗളിങ് വീഴ്ചയാണെന്ന് അദ്ദേഹം വിലയിരുത്തി. "ഈ ടൂർണമെന്റിൽ ചെന്നൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബൗളിങ് തന്നെയാണ്. എതിരാളികളുടെ ബാറ്റിങ് കരുത്ത് വെച്ചുനോക്കിയാൽ ബൗളർമാർക്ക് ജയിക്കാൻ കുറഞ്ഞത് 225-230 റൺസെങ്കിലും ബാറ്റിങ് നിര സ്കോർ ചെയ്യേണ്ടി വരും. ബൗളിങ് നിരയിലെ പോരായ്മകൾ ചെന്നൈ ഉടൻ പരിഹരിച്ചേ മതിയാകൂ," ഗവാസ്‌കർ ഓർമ്മിപ്പിച്ചു.

ചെപ്പോക്കിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 6 ഫോറുകളും 5 സിക്സറുകളും സഹിതമാണ് മാത്രെ തന്റെ കന്നി ഐപിഎൽ അർധസെഞ്ചുറി കുറിച്ചത്. പവർപ്ലേ ഓവറുകളിൽ ക്രീസിലെത്തിയ താരം ചെന്നൈയെ 200 കടത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ശിവം ദുബെ (45*), സർഫറാസ് ഖാൻ (32) എന്നിവരും മികച്ച പിന്തുണ നൽകി. എന്നാൽ ശ്രേയസ് അയ്യരും മാർക്കസ് സ്റ്റോയിനിസും നയിച്ച പഞ്ചാബ് പട ചെന്നൈയുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.

Similar News