ചെന്നൈക്കായി തലയുയര്‍ത്തിയ പോരാളി! കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു വിരാട് കോലി; തോല്‍വിയിലും തലയുയര്‍ത്തി സര്‍ഫറാസ് ഖാനെ അഭിനന്ദിച്ചു താരങ്ങളും ആരാധകരും
ചെന്നൈക്കായി തലയുയര്‍ത്തിയ പോരാളി! കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു വിരാട് കോലി
ചെന്നൈ: ഇന്ത്യന്‍ ദേശീയ ടീമിലേക്ക് സ്ഥിരമായി തഴയപ്പെട്ട താരമാണ് സര്‍ഫറാസ് ഖാന്‍. ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഏകദിനം,ടി20 ടീമുകളില്‍ ഇപ്പോഴും താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ അവഗണനക്ക് ബാറ്റ്‌കൊണ്ട് മറുപടി നല്‍കിയ താരമാണ് അദ്ദേഹം. എന്നാല്‍, ഈ അവഗണയില്‍ ഒന്നും തളരാതെ ശക്തമായ പ്രകടനം നടത്തി തന്റെ കഴിവ് വീണ്ടും തെളിയിക്കാനാണ് സര്‍ഫറാസ് ഖാന്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റെ കൃത്യമായ ഉദാഹരണമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ താരത്തിന്റെ പ്രകടനം.
വെറും 75 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച സര്‍ഫറാസ് ഖാന്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കാഴ്ചവെച്ചത്. ബംഗളൂരുവിന് എതിരായ മത്സരത്തില്‍ സര്‍ഫറാസ് നടത്തിയ പോരാട്ടത്തിലൂടെ ആരാധകരുടെ മനസിലും വലിയ സ്ഥാനമാണ് താരത്തിന് നേടികൊടുത്തിരിക്കുന്നത്. ചെന്നൈ 30 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയില്‍ ക്രീസിലെത്തിയ സര്‍ഫറാസ് ബംഗളൂരു ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. 25 പന്തില്‍ 50 റണ്‍സാണ് താരം അടിച്ചെടുത്തത്. എട്ട് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒരുഘട്ടത്തില്‍ ടീമിനെ വിജയത്തിലേക്ക് സര്‍ഫറാസ് ഖാന്‍ എത്തിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ സ്റ്റംപിങ്ങിലൂടെ താരം ഔട്ട് ആയി. സര്‍ഫറാസ് ഖാന്റെ മികച്ച പ്രകടനത്തെ വിരാട് കോഹ്ലി തന്നെ അഭിനന്ദിക്കുകയും ചെയ്തു. താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ കയ്യടിച്ചാണ് വിരാട് അഭിനന്ദിച്ചത്.
കോലിയെ പോലൊരു സീനിയര്‍ താരത്തില്‍ നിന്ന് ലഭിച്ച അംഗീകാരം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. മുന്‍പ് പഞ്ചാബ് കിംഗ്‌സിനെതിരെ 12 പന്തില്‍ 32 റണ്‍സ് നേടിയും സര്‍ഫറാസ് ആരാധകരെ ഞെട്ടിച്ചിരുന്നു.
