'ഐ.പി.എല്‍ കളിക്കാനിറങ്ങി കരിയര്‍ നശിച്ചു...; രാജ്യത്തേക്കാള്‍ ക്രിക്കറ്റ് ലീഗിന് മുന്‍ഗണന നല്‍കിയെന്ന് ആരോപിച്ചു; ഇസിബി മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടി; 33-ാം വയസ്സില്‍ കരിയര്‍തന്നെ ബലികഴിക്കേണ്ടി വന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍
ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായുണ്ടായ (ഇ.സി.ബി.) തര്‍ക്കമാണ് തന്റെ അന്താരാഷ്ട്ര കരിയര്‍ നേരത്തെ അവസാനിക്കാന്‍ കാരണമായതെന്ന് തുറന്നടിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ഐ.പി.എല്ലില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഇസിബിയുമായി തര്‍ക്കം ഉടലെടുക്കുകയും തന്നെ വേട്ടയാടാന്‍ അവര്‍ മാധ്യമങ്ങളെ ഉപയോഗിച്ചെന്നും പീറ്റേഴ്‌സണ്‍ ആരോപിക്കുന്നു. യുട്യൂബറായ രണ്‍വീര്‍ അല്ലാബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പീറ്റേഴ്സണ്‍ ഇ.സി.ബി.ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഐ.പി.എലിന്റെ ആദ്യവര്‍ഷങ്ങളില്‍ തനിക്കെതിരേ മാധ്യമങ്ങളെ ഉപയോഗിച്ച് ഇ.സി.ബി. ബോധപൂര്‍വം നീക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
2008ല്‍ ഐ.പി.എല്ലിന്റെ ഉദ്ഘാടന പതിപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് കേന്ദ്ര കരാറുള്ള കളിക്കാരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു. ആ വര്‍ഷം ഡിമിട്രി മസ്‌കറിനാസ് മാത്രമാണ് ഇംഗ്ലണ്ടില്‍നിന്ന് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം, മൂന്ന് ആഴ്ച മാത്രം ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ക്ക് ഇംഗ്ലണ്ട് അനുമതി നല്‍കി. ആര്‍.സി.ബിക്കൊപ്പമാണ് പീറ്റേഴ്‌സണ്‍ ചേര്‍ന്നത്. രാജ്യത്തേക്കാള്‍ ഉപരിയായി ലീഗിന് മുന്‍ഗണന നല്‍കുന്നു എന്നാരോപിച്ച് ഇ.സി.ബി. തനിക്കെതിരേ തിരിയുകയായിരുന്നുവെന്ന് പീറ്റേഴ്സണ്‍ വെളിപ്പെടുത്തി. ഈ തീരുമാനത്തിനായി തനിക്ക് കരിയര്‍തന്നെ ബലികഴിക്കേണ്ടി വന്നുവെന്നും 33-ാം വയസ്സില്‍ തന്റെ ഇംഗ്ലണ്ട് കരിയര്‍ അവസാനിച്ചത് ഇതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഐ.പി.എല്ലിന് മുന്‍ഗണന നല്‍കിയ അദ്ദേഹത്തിന്റെ തീരുമാനം ഇംഗ്ലണ്ടു ക്രിക്കറ്റ് ബോര്‍ഡുമായി തര്‍ക്കത്തിന് കാരണമായി. ഞാന്‍ വലിയ ത്യാഗം ചെയ്തു. എനിക്ക് കരിയര്‍ നഷ്ടമായി. ബോര്‍ഡിലെ എല്ലാവരും എനിക്കെതിരായതിന്റെ കാരണം അതാണ് '-പീറ്റേഴ്‌സണ്‍ പറഞ്ഞു. ഇംഗ്ലണ്ട് ദേശീയ ടീമില്‍നിന്ന് വിരമിക്കുമ്പോള്‍ തനിക്ക് 33 വയസ്സായിരുന്നു. 104 ടെസ്റ്റുകളാണ് കളിച്ചത്. ഒരു പക്ഷേ തനിക്ക് 150-160 ടെസ്റ്റുകളെങ്കിലും കളിക്കുകയും 12,000-13,000 റണ്‍സ് നേടുകയും ചെയ്യാമായിരുന്നു. ബോര്‍ഡ് തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ചു. അതിലേക്കൊന്നും കടക്കാന്‍ ആഗ്രഹിക്കുന്നില്ല. അതെല്ലാം വലിയ വാര്‍ത്തയായതാണ്. ഇപ്പോള്‍ സന്തോഷകരവും ശാന്തവുമായ ജീവിതം നയിക്കുകയാണെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
104 ടെസ്റ്റുകളില്‍ നിന്ന് 8,181 റണ്‍സാണ് പീറ്റേഴ്സണ്‍ നേടിയത്. എന്നാല്‍, തനിക്ക് 150-160 ടെസ്റ്റുകള്‍ കളിക്കാനും 13,000 റണ്‍സോളം നേടാനും സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്നെ വേട്ടയാടാന്‍ ഇ.സി.ബി. മാധ്യമങ്ങളെ ഉപയോഗിച്ചെങ്കിലും ഇപ്പോള്‍ താന്‍ സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. കരിയറിനെ ഇത് ബാധിച്ചെങ്കിലും, വരുംതലമുറയിലെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാകാന്‍ തന്റെ പോരാട്ടം വഴിയൊരുക്കിയതായും പീറ്റേഴ്സണ്‍ അവകാശപ്പെട്ടു.
നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തനിക്ക് നന്ദി പറഞ്ഞിട്ടുണ്ടെന്നും പീറ്റേഴ്സണ്‍ വ്യക്തമാക്കി. താന്‍ അന്ന് നടത്തിയ വിട്ടുവീഴ്ചകളുടെ ഫലമാണ് ഇന്നത്തെ കളിക്കാര്‍ അനുഭവിക്കുന്നത്. ഐ.പി.എലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായും പീറ്റേഴ്സണ്‍ കളിച്ചിട്ടുണ്ട്. 2025-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും നിയമിതനായി.
