ഒടുവില്‍ ഗില്ലും ബട്ടലറും ഫോമിലേക്ക്; ഡല്‍ഹി കാപ്പിറ്റല്‍സിന് മുന്നില്‍ 211 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്

ഒടുവില്‍ ഗില്ലും ബട്ടലറും ഫോമിലേക്ക്

Update: 2026-04-08 17:26 GMT

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 211 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് അടിച്ചെടുത്തു. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റേയും വാഷിങ്ടണ്‍ സുന്ദറിന്റേയും വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടേയും അര്‍ധസെഞ്ചുറികളാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ശുഭ്മാന്‍ ഗില്‍ 45 പന്തില്‍നിന്ന് 5 സിക്സറുകളും 4 ഫോറുകളും ഉള്‍പ്പെടെ 70 റണ്‍സ് നേടി ടോപ് സ്‌കോററായി. മധ്യനിരയില്‍ തകര്‍ത്തടിച്ച വാഷിങ്ടണ്‍ സുന്ദര്‍ 32 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലര്‍ 27 പന്തില്‍ 52 റണ്‍സുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ സായ് സുദര്‍ശന്‍ (12), ഗ്ലെന്‍ ഫിലിപ്സ് (പുറത്താകാതെ 14) എന്നിവരും സ്‌കോറിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. പവര്‍പ്ലേ ഓവറുകളില്‍തന്നെ 68 റണ്‍സ് അടിച്ചുകൂട്ടിയ ഗുജറാത്ത് തുടക്കം മുതല്‍ ഡല്‍ഹിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.

ഡല്‍ഹി ബൗളര്‍മാരില്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 4 ഓവറില്‍ 55 റണ്‍സ് വഴങ്ങി. ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. വിപ്രജ് നിഗം എറിഞ്ഞ ഒരു ഓവറില്‍മാത്രം 23 റണ്‍സാണ് വഴങ്ങിയത്.

Tags:    

Similar News