ലോകകപ്പ് തോൽവിക്ക് പിന്നാലെ കടുത്ത പ്രതിസന്ധി; പരിശീലകൻ മൈക്ക് ഹെസ്സനെതിരെ താരങ്ങൾ; സൽമാൻ അലി ആഘയുടെ ക്യാപ്റ്റൻ സ്ഥാനവും തെറിച്ചേക്കും; പാക് ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സാധ്യത

Update: 2026-03-04 11:41 GMT

കറാച്ചി: ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ നിന്നുള്ള പാകിസ്ഥാന്റെ പുറത്താകലിന് പിന്നാലെ പാക് ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിൽ. സൽമാൻ അലി ആഗ നയിച്ച ടീമിന്റെ പ്രകടനം അങ്ങേയറ്റം ദയനീയമായിരുന്നു. ചിരവൈരികളായ ഇന്ത്യയോടും ഇംഗ്ലണ്ടിനോടും ദയനീയമായി തോറ്റതാണ് പാകിസ്ഥാന് വിനയായത്. മോശം പ്രകടനത്തിന്റെ പേരിൽ ടീമിലെ കളിക്കാർക്ക് കനത്ത പിഴ ചുമത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടീമിന്റെ ക്യാപ്റ്റനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നും സൂചനകളുണ്ട്.

കൂടാതെ, പുതിയൊരു പരിശീലകനെ നിയമിക്കാനുള്ള നീക്കങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരംഭിച്ചതായാണ് വിവരം. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറുകയാണ്. തിരിച്ചടികൾക്കിടെ പാകിസ്ഥാൻ ക്രിക്കറ്റിനെ നാണംകെടുത്തുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നു. നിലവിലെ പരിശീലകൻ മൈക്ക് ഹെസ്സനെതിരെ കളിക്കാർ ഒന്നടങ്കം രംഗത്തെത്തിയതായാണ് 'ജിയോ സൂപ്പർ' റിപ്പോർട്ട് ചെയ്യുന്നത്. ഹെസ്സന്റെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ച് നിരവധി താരങ്ങൾ പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതിപ്പെട്ടതായാണ് വിവരം.

ടൂർണമെന്റിനിടെ തന്നെ താരങ്ങൾ വ്യക്തിപരമായി ഉദ്യോഗസ്ഥരെ സമീപിച്ച് കോച്ചിന്റെ മോശം സമീപനത്തെക്കുറിച്ച് പരാതി ഉന്നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തോൽവികൾക്ക് പിന്നാലെ ടീമിനുള്ളിലെ ഈ ആഭ്യന്തര കലഹം പാക് ക്രിക്കറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹെസ്സന്റെ കർക്കശമായ സമീപനവും ആലോചനകളില്ലാതെ എടുത്ത തീരുമാനങ്ങളും ഡ്രെസ്സിംഗ് റൂമിലെ സമാധാനാന്തരീക്ഷം തകർത്തുവെന്ന് ടീമിനുള്ളിലുള്ളവർ ആരോപിക്കുന്നു.

ക്യാപ്റ്റനുമായി കൂടിയാലോചിക്കാതെയാണ് പ്രധാന കാര്യങ്ങളിൽ തീരുമാനമെടുത്തതെന്നും, ടീം മാനേജ്‌മെന്റിന്റെ എല്ലാ കാര്യങ്ങളിലും ഹെസ്സൺ നിരന്തരം ഇടപെട്ടിരുന്നതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഹെസ്സന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ നിലവിൽ ടീമിനോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും, പരിശീലകനുമായി വിശദമായ ചർച്ചകൾ നടത്തുന്നതിന് മുൻപ് ടൂർ റിപ്പോർട്ട് പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സെലക്ഷൻ പാനലിനും ക്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്കും ഹെസ്സന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും, ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശീലകൻ അമിതമായ നിയന്ത്രണം ചെലുത്തിയിരുന്നതായും വിശ്വസനീയമായ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. എങ്കിലും, ഹെസ്സനെ പുറത്താക്കാൻ സാധ്യതയില്ല. ഹെസ്സൺ പി.സി.ബി-യുമായി (PCB) രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും, ഹെഡ് കോച്ചിന്റെ സ്ഥാനത്ത് സ്ഥിരത നിലനിർത്താൻ ബോർഡ് പ്രതിജ്ഞാബദ്ധരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News