ന്യൂസിലൻഡ് സ്ക്വാഡിൽ വൻ അഴിച്ചു പണി; ക്രിസ്റ്റ്യൻ ക്ലാർക്കിനെയും ടിം റോബിൻസനെയും ഒഴിവാക്കി; പകരമെത്തുന്നത് സീനിയർ താരങ്ങൾ; ഇന്ത്യയ്‌ക്കെതിരെ അഭിമാന പോരാട്ടത്തിനൊരുങ്ങി കിവീസ്

Update: 2026-01-27 05:42 GMT

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ മൂന്ന് തോൽവികൾക്ക് പിന്നാലെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. ഫാസ്റ്റ് ബൗളർ ക്രിസ്റ്റ്യൻ ക്ലാർക്കിനെയും ടോപ്പ് ഓർഡർ ബാറ്റർ ടിം റോബിൻസണെയും സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി ന്യൂസിലൻഡ് അധികൃതർ അറിയിച്ചു. ഇവർക്ക് പകരം ജിമ്മി നീഷം, ലോക്കി ഫെർഗൂസൺ, ടിം സെയ്ഫെർട്ട് തുടങ്ങിയ സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തി.

അനുഭവസമ്പത്തുള്ള താരങ്ങളായ ജിമ്മി നീഷം, ലോക്കി ഫെർഗൂസൺ, ടിം സെയ്ഫെർട്ട് എന്നിവർ ടീം ക്യാമ്പിൽ ചേരുന്നതിനാലാണ് ക്ലാർക്കിനെയും റോബിൻസണെയും ഒഴിവാക്കിയതെന്ന് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്ററായ ഫിൻ അലൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും. ജനുവരി 31-ന് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിൽ ഫിൻ അലൻ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയ്‌ക്കെതിരെ നാഗ്പൂരിൽ നടന്ന മത്സരത്തിലൂടെ ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 24 വയസ്സുകാരനായ ക്രിസ്റ്റ്യൻ ക്ലാർക്ക് നാല് ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ടിം റോബിൻസൺ ആകട്ടെ, ആദ്യ ടി20 മത്സരത്തിൽ 15 പന്തിൽ നിന്ന് 21 റൺസ് നേടിയിരുന്നു. എന്നാൽ ടീമിലെ ചില മാറ്റങ്ങൾ കാരണം ഇരുവർക്കും പിന്നീട് അവസരങ്ങൾ ലഭിച്ചിരുന്നില്ല. 

Tags:    

Similar News