'ഗംഭീറിന് തുടക്കം മുതല്‍ ചില പ്രശ്‌നങ്ങളുണ്ട്; ന്യൂസീലന്‍ഡിനോടു തോറ്റപ്പോള്‍ ശരിക്കും പേടിച്ചു'; ഇന്ത്യന്‍ പരിശീലകനെ വീണ്ടും പ്രകോപിപ്പിച്ച് റിക്കി പോണ്ടിംഗ്; ടെസ്റ്റ് പരമ്പരയ്ക്ക് മുന്നെ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമെന്ന് ആരാധകര്‍
കോലിയെ പ്രകോപിപ്പിക്കാന്‍ നോക്കിയ പോണ്ടിംഗിന് ബ്രെറ്റ് ലിയുടെ വിമര്‍ശനം
പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ വീണ്ടും പ്രകോപിപ്പിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയില്‍ ഗംഭീര്‍ ശരിക്കും പേടിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിംഗ് പറഞ്ഞു. അതേ സമയം മുന്‍ ഓസിസ് നായകന്റെ നീക്കം ഇന്ത്യന്‍ ടീമിനെ മത്സരത്തിന് മുന്നെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് നടന്ന പരമ്പരകളിലും സമാനമായ പരാമര്‍ശങ്ങളുമായി ഓസിസ് മുന്‍താരങ്ങള്‍ രംഗത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് ആരാധരുടെ പ്രതികരണം.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ താരം വിരാട് കോലിയുടെ മോശം ഫോമിനെയും ഇന്ത്യന്‍ ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത റിക്കി പോണ്ടിംഗിനെതിരെ ഗംഭീര്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിരാട് കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് ബാറ്റിംഗ് കണക്കുകള്‍ നിരത്തിയായിരുന്നു റിക്കി പോണ്ടിംഗ് കോലിയെ വിമര്‍ശിച്ചത്.
ഞാന്‍ കഴിഞ്ഞ ദിവസമാണ് ആ കണക്കുകള്‍ കണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോലി ടെസ്റ്റില്‍ രണ്ട് സെഞ്ചുറികള്‍ മാത്രമാണ് നേടിയിട്ടുള്ളത്. അത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി അഥവാ ഈ കണക്കുകള്‍ സത്യമാണെങ്കില്‍ അത് ശരിക്കും ആശങ്കയുണ്ടാക്കുന്നതാണ്. കാരണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രം നേടിയ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാരും നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നായിരുന്നു പോണ്ടിംഗിന്റെ വാക്കുകള്‍.
എന്നാല്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോണ്ടിംഗ് ആരാണെന്നും അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ചാണ് പറഞ്ഞാല്‍ മതിയെന്നും ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗൗതം ഗംഭീര്‍ തിരിച്ചടിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ പോണ്ടിംഗ് മറുപടിയുമായി എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ഗംഭീര്‍ ശരിക്കും പേടിച്ചുപോയെന്നും അതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിംഗ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് പറഞ്ഞശേഷം ഓസ്‌ട്രേലിയയില്‍ കോലി പുറത്തെടുത്ത മികവിനെക്കുറിച്ചും താന്‍ പറഞ്ഞിരുന്നുവെന്നും അതൊന്നും കാണാതെയാണ് ഗംഭീര്‍ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതെന്നും തന്നോട് ഗംഭീറിന് നേരത്തെ മുതലെ ചില പ്രശ്‌നങ്ങളുണ്ടെന്നും പോണ്ടിംഗ് വ്യക്താക്കി. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ കിട്ടിയ അവസരം മുതലാക്കി ഗംഭീര്‍ തിരിച്ചടിക്കുകയായിരുന്നു.
''കോലിയുടെ അഞ്ചു വര്‍ഷത്തെ ബാറ്റിങ്ങിനെക്കുറിച്ചു ഞാന്‍ പറഞ്ഞിരുന്നു. അതിനുശേഷം ഓസ്‌ട്രേലിയയില്‍ അദ്ദേഹം നടത്തിയ പ്രകടനത്തേക്കുറിച്ചും പ്രതികരിച്ചിരുന്നു. ഇതു കാണാതെയാണ് ഗംഭീര്‍ വിമര്‍ശിക്കുന്നത്. ഗംഭീറിന് തുടക്കം മുതല്‍ ചില പ്രശ്‌നങ്ങളുണ്ട്. കിട്ടിയ അവസരം മുതലാക്കി തിരിച്ചടിക്കാനാണ് അദ്ദേഹം നോക്കുന്നത്. ഗൗതം ഗംഭീര്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരാളാണ്.'' റിക്കി പോണ്ടിങ് തുറന്നടിച്ചു.
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഗംഭീര്‍ അസ്വസ്ഥതയുള്ളവാക്കുന്ന വ്യക്തിയാണെന്നും പോണ്ടിംഗ് പറഞ്ഞു. 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് കോലിയെ പ്രകോപിപ്പിക്കാന്‍ നോക്കിയ പോണ്ടിംഗിനെതിരെ ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീയും ഇന്നലെ രംഗത്തെത്തിയിരുന്നു.
അതേ സമയം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ എത്തി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ച ആദ്യ സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ആദ്യ ടെസ്റ്റില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണ് വിവരം. ഇതോടെ കെ.എല്‍.രാഹുല്‍ ഓപ്പണറായി എത്തും