ബാറ്റിംഗ് വെടിക്കെട്ട് ഇനി മുഷ്താഖ് അലി ട്രോഫിയില്‍; കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍ വരുന്നു; 16 അംഗ ടീമിനെ പ്രഖ്യാപിച്ചു; ആദ്യ മത്സരം സര്‍വീസസിനെതിരെ

സര്‍വീസസിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം

Update: 2024-11-19 14:42 GMT

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മിന്നും ഫോം കേരളത്തിന് തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് സെഞ്ചറികള്‍ നേടിയ സഞ്ജുവിന്റെ വരവ് ടീമിനു കരുത്താകും. സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കേരള ടീമിലുണ്ട്.

കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അബ്ദുല്‍ ബാസിത്ത്, ഷറഫുദീന്‍ എന്നിവരും ടീമിലുണ്ട്. ഗ്രൂപ്പ് ഇയില്‍ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സര്‍വീസസ്, നാഗാലാന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളമുള്ളത്. മുംബൈയ്ക്കു വേണ്ടി സൂര്യകുമാര്‍ യാദവ് കളിക്കാന്‍ ഇറങ്ങിയാല്‍ സുഹൃത്തുക്കള്‍ കൂടിയായ സഞ്ജുവും സൂര്യകുമാറും നേര്‍ക്കുനേരെത്തുന്ന പോരാട്ടം കൂടി ആരാധകര്‍ക്ക് ആസ്വദിക്കാം. നവംബര്‍ 23ന് സര്‍വീസസിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ഈ മാസം 23നാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഇയിലാണ് കേരളം കളിക്കുക. മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് എന്നിവര്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. സര്‍വീസസ്, നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 23ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

തുടര്‍ന്ന് 25ന് രാവിലെ 9 മണിക്ക് മഹാരാഷ്ട്രയേയും കേരളം നേരിടും. റുതുരാജ് ഗെയ്കവാദ് മഹാരാഷ്ട്രയെ നയിക്കാനുണ്ടാകും. മൂന്നാം മത്സരത്തില്‍ 27ന് കേരളം, നാഗാലന്‍ഡിനെ നേരിടും. രാവിലെ 9.00 മണിക്കാണ്. തുടര്‍ന്നാണ് ഗ്രൂപ്പിലെ ഗ്ലാമര്‍ പോര്. 29ന് കേരളം, മുംബൈക്കെതിരെ കളിക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്ത്, അഖില്‍ സ്‌കറിയ, അജ്‌നാസ്.എം, സിജോമോന്‍ ജോസഫ്,എസ്. മിഥുന്‍, വൈശാഖ് ചന്ദ്രന്‍, വിനോദ് കുമാര്‍, ബേസില്‍ എന്‍.പി, ഷറഫുദ്ദീന്‍ എന്‍.എം, നിധീഷ് എം.ഡി. റിസര്‍വ് താരങ്ങളായി സി.കെ. നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, അഭിഷേക് ജെ. നായര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്മാരുണ്ട്. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് സൂര്യ മാറി നില്‍ക്കുന്നത്. എന്നാല്‍ കേരളത്തിനെതിരായ മത്സരം ആവുമ്പോഴേക്ക് തിരിച്ചെത്താനും സാധ്യതയേറെയാണ്. ഡിസംബര്‍ ഒന്നിന് കേരളം ഗോവയേയും മൂന്ന് ആന്ധ്രയേയും നേരിടും. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് ഗോവന്‍ ടീമിലെ പ്രമുഖ താരം. ആന്ധ്രാ ടീമില്‍ ശ്രീകര്‍ ഭരത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്.

ബാറ്റിംഗ് വെടിക്കെട്ട് ഇനി മുഷ്താഖ് അലി ട്രോഫിയില്‍; കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍ വരുന്നു; 16 അംഗ ടീമിനെ പ്രഖ്യാപിച്ചു; ആദ്യ മത്സരം സര്‍വീസസിനെതിരെ

Tags:    

Similar News