ലെഗ്‌സൈഡില്‍ കെണിയൊരുക്കി; ഹെയ്‌സല്‍വുഡ് എറിഞ്ഞ അടുത്ത പന്ത് ഓഫ്‌സൈഡ് ഫെന്‍സിലേക്ക്; അതൊരു ഹാര്‍ഡ് ഹിറ്റായിരുന്നില്ല; മിഡ്-ഓഫിനും കവറിനും ഇടയിലുള്ള ചെറിയ ഗ്യാപ് കണ്ടെത്തയ ഒരു ക്ലാസിക് കവര്‍ഡ്രൈവ്; ആംലയെപ്പോലും ജയിച്ചവനെ മൈന്‍ഡ് ഗെയ്മിലൂടെ തോല്‍പ്പിക്കുന്ന പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍
ഗുവാഹത്തി: ഗുവാഹത്തിയിലെ ബരസ്പര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത് വെറുമൊരു ബാറ്റിംഗ് വെടിക്കെട്ടിനായിരുന്നില്ല; മറിച്ച് അനുഭവസമ്പന്നനായ ഒരു ലോകോത്തര ബൗളറെ തന്റെ പതിനഞ്ചാം വയസ്സില്‍ മൈന്‍ഡ് ഗെയിമിലൂടെ നേരിട്ട ഒരു കൗമാര പ്രതിഭയുടെ ഉദയത്തിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശിയും ആര്‍സിബിയുടെ ജോഷ് ഹേസല്‍വുഡും തമ്മില്‍ നടന്ന ആ മാനസിക യുദ്ധം ആധുനിക ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി രേഖപ്പെടുത്തുകയാണെന്ന് ക്രിക്കറ്റ് എഴുത്തുകാരനായ സന്ദീപ് ദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വൈഭവ് തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചപ്പോള്‍ തന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ ഹേസല്‍വുഡ് നിര്‍ബന്ധിതനായി. ലെഗ് സൈഡില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന വൈഭവിനായി ലോങ്ങ് ഓണില്‍ ഒരു കെണിയൊരുക്കി ഹേസല്‍വുഡ് ഫീല്‍ഡ് സെറ്റ് ചെയ്തു. എന്നാല്‍, പരിചയസമ്പന്നനായ ബൗളറുടെ മനസ്സ് വായിച്ച വൈഭവ് അടുത്ത പന്തില്‍ ആ കെണിയില്‍ വീണില്ല. പകരം, മിഡ് ഓഫിനും കവറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ ഒരു ക്ലാസിക് കവര്‍ ഡ്രൈവ് പായിച്ചുകൊണ്ട് വൈഭവ് ഹേസല്‍വുഡിനെ നിഷ്പ്രഭനാക്കിയെന്നും കുറിപ്പില്‍ പറയുന്നു.
സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
വൈഭവ് സൂര്യവന്‍ഷി തനിക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച സമയത്ത് ജോഷ് ഹെയ്‌സല്‍വുഡ് ഫീല്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മിഡ്-ഓണില്‍ നിന്നിരുന്ന ഫീല്‍ഡര്‍ ലോങ്ങ്-ഓണ്‍ ബൗണ്ടറിയുടെ അരികിലേയ്ക്ക് പോയി. ഡീപ് പോയിന്റിലെ കാവല്‍ക്കാരന്‍ സര്‍ക്കിളിനുള്ളിലേയ്ക്ക് കയറിനിന്നു.
ലെഗ്‌സൈഡിലേയ്ക്ക് ഷോട്ടുകള്‍ കളിക്കാനാണ് വൈഭവ് ഇഷ്ടപ്പെടുന്നത് എന്നൊരു തിയറി ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നുണ്ട്. ഹെയ്‌സല്‍വുഡ് ലോങ്ങ്-ഓണില്‍ ഒരു കെണിയൊരുക്കിയത് അതുകൊണ്ടാവാം.
പക്ഷേ ഹെയ്‌സല്‍വുഡ് എറിഞ്ഞ അടുത്ത പന്ത് ഓഫ്‌സൈഡ് ഫെന്‍സിലേയ്ക്കാണ് പോയത്! അതൊരു ഹാര്‍ഡ് ഹിറ്റായിരുന്നില്ല. മിഡ്-ഓഫിനും കവറിനും ഇടയിലുള്ള ചെറിയ ഗ്യാപ് കണ്ടെത്തുകയാണ് വൈഭവ് ചെയ്തത്. ഒരു ക്ലാസിക് കവര്‍ഡ്രൈവ്
ഓര്‍ക്കുക. കടലോളം അനുഭവസമ്പത്തുള്ള അന്താരാഷ്ട്ര ബോളറെ ഒരു പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍ മൈന്‍ഡ് ഗെയ്മിലൂടെ തോല്‍പ്പിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്!
2016-ലെ ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍മ്മവരികയാണ്. അന്ന് പ്രോട്ടിയാസ് ടീമിലെ പ്രീമിയം ബാറ്ററായിരുന്ന ഹാഷീം ആംല തുടര്‍ച്ചയായി അഞ്ച് തവണയാണ് ഹെയ്‌സല്‍വുഡിനോട് അടിയറവ് പറഞ്ഞത്.
ഹെയ്‌സല്‍വുഡിനെ മറികടക്കാന്‍ ആംല ഒരുപാട് വിഡിയോകള്‍ കണ്ടു. തന്റെ ബാറ്റിങ്ങ് ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നിട്ടും ഹെയ്‌സല്‍വുഡ് ആംലയെ കീഴടക്കി. ക്ഷമയുടെ പര്യായമായിരുന്ന ആംല ഹെയ്‌സല്‍വുഡിനെതിരെ ക്ഷമ കാട്ടാതെ മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായിക്കൊണ്ടിരുന്നു!
അതാണ് ഹെയ്‌സല്‍വുഡ്! മൈന്‍ഡ് ഗെയ്മില്‍ ആംലയെപ്പോലും ജയിച്ചവന്‍ പക്ഷേ ബരസ്പര സ്റ്റേഡിയത്തില്‍ വൈഭവുമായി നടന്ന മാനസിക യുദ്ധത്തില്‍ ഹെയ്‌സല്‍വുഡ് പരാജയപ്പെട്ടു!
സൂര്യവന്‍ഷിയുടെ ബാല്യകാല പരിശീലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു-
''ഒരു ഷോട്ട് പഠിക്കുന്ന സമയത്ത് വൈഭവ് മണിക്കൂറുകളോളം തുടര്‍ച്ചയായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമായിരുന്നു. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ മാത്രമേ അവന്‍ പരിശീലനം നിര്‍ത്തുമായിരുന്നുള്ളൂ...!''
ഈ കഠിനാദ്ധ്വാനം തന്നെയാണ് വൈഭവിനെ വേറിട്ടുനിര്‍ത്തുന്നത്. ജസ്പ്രീത് ബുംറയേയും ജോഷ് ഹെയ്‌സല്‍വുഡിനെയും നിര്‍ദ്ദയം പ്രഹരിക്കാന്‍ പ്രതിഭ മാത്രം മതിയാകില്ല. അതിന് നല്ല പരിശ്രമവും ആത്മസമര്‍പ്പണവും കൂടി വേണം.
ഭുവ്‌നേശ്വര്‍ കുമാര്‍ ഫുള്‍ലെങ്ത്തില്‍ ഒരു ഇന്‍സ്വിംഗര്‍ എറിയുമ്പോള്‍ ഹൈ ബാക്ക്‌ലിഫ്റ്റ് ഉള്ള സൂര്യവന്‍ഷിയുടെ ബാറ്റ് കൃത്യസമയത്ത് താഴെ എത്തുന്നുണ്ട്. സ്ലോബോളുകള്‍ വരുമ്പോള്‍ വൈഭവ് കൃത്യമായി അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. പന്തിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു ബാറ്റര്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 26 പന്തുകളില്‍ നിന്ന് 78 റണ്ണുകളാണ് വൈഭവ് വാരിക്കൂട്ടിയത്. പക്ഷേ ഔട്ടായ നേരത്ത് ഒരു പരാജിതനെപ്പോലെയാണ് അയാള്‍ നടന്നുനീങ്ങിയത്! ആ ബാലന് റണ്‍സിനോട് ഒടുങ്ങാത്ത ആര്‍ത്തിയാണ്!
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന ടീനേജറെ മീശക്കൊമ്പനായ ഫാസ്റ്റ് ബോളര്‍ മെര്‍വ് ഹ്യൂസ് അഭിനന്ദിക്കുന്ന ചിത്രം നാം കണ്ടിട്ടുണ്ട്. അതുപോലെ വൈഭവിനെ അഭിനന്ദിക്കാന്‍ ഹെയ്‌സല്‍വുഡ് തയ്യാറാകും എന്ന കാര്യം തീര്‍ച്ച!
