ആദ്യ പന്തില്‍ ഞെട്ടിച്ച് ആര്‍ച്ചര്‍; തിരിച്ചടിച്ച് കോലി; റോയല്‍ പോരാട്ടവുമായി പാട്ടിദാര്‍; ഫിനിഷിംഗ് മികവുമായി വെങ്കടേഷ് അയ്യരും; വിക്കറ്റ് മഴയിലും പൊരുതിക്കയറി ബംഗളൂരു; രാജസ്ഥാന് 202 റണ്‍സ് വിജയലക്ഷ്യം

Update: 2026-04-10 17:20 GMT

ഗുവാഹത്തി: ഐപിഎല്ലിലെ 'റോയല്‍' പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 202 റന്‍ണ്‍സ് വിജയലക്ഷ്യം. ബാര്‍സപ്പാറ സ്റ്റേഡിയത്തില്‍ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 40 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിദാറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മികച്ച തുടക്കമിട്ട വിരാട് കോലിയും രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറിയും വെങ്കിടേഷ് അയ്യരുടെ (29*) അവസാന ഓവര്‍ വെടിക്കെട്ടുമാണ് ആര്‍സിബിയെ 200 കടത്തിയത്.

ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ വെടിക്കെട്ട് ഓപ്പണര്‍ ഫിള്‍ സാള്‍ട്ടിന്റെ (0) വിക്കറ്റ് നഷ്ടത്തോടെയായിരുന്നു ആര്‍സിബിയുടെ തുടക്കം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി - ദേവ്ദത്ത് പടിക്കല്‍ സഖ്യം വെറും 17 പന്തില്‍ നിന്ന് 45 റണ്‍സ് ചേര്‍ത്തതോടെ ആര്‍സിബി സ്‌കോര്‍ കുതിച്ചു. എന്നാല്‍ മൂന്നാം ഓവറില്‍ പടിക്കലും (7 പന്തില്‍ 14), അഞ്ചാം ഓവറില്‍ കോലിയും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 16 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 32 റണ്‍സെടുത്ത് മികച്ച തുടക്കം ലഭിച്ച കോലിക്ക് രവി ബിഷ്ണോയിയുടെ ഗൂഗ്ലിക്ക് മുന്നില്‍ പിഴച്ചു.

പിന്നാലെ ക്രുണാല്‍ പാണ്ഡ്യ (1), ജിതേഷ് ശര്‍മ (5), ടിം ഡേവിഡ് (13) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ആര്‍സിബിയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. ഇതിനിടെ രജത് പാട്ടിദാറിന്റെ ഇന്നിങ്സാണ് സ്‌കോറിങ് റേറ്റ് അധികം താഴാതെ കാത്തത്. റൊമാരിയോ ഷെപ്പേര്‍ഡ് 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. റൊമാരിയോ ഷെപ്പേര്‍ഡിനെ (22) രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ ആര്‍സിബി ഒരു ഘട്ടത്തില്‍ 94-6ലേക്കും 125-7ലേക്കും കൂപ്പുകുത്തി.

അവസാന ഓവറില്‍ തകര്‍ത്തടിച്ച ഇംപാക്റ്റ് പ്ലെയര്‍ വെങ്കടേഷ് അയ്യരാണ് ആര്‍സിബി സ്‌കോര്‍ 201-ല്‍ എത്തിച്ചത്. 15 പന്തുകള്‍ നേരിട്ട വെങ്കടേഷ് രണ്ട് സിക്സും ഒരു ഫോറുമടക്കം 29* റണ്‍സോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും നായകന്‍ രജത് പാട്ടിദാര്‍ ക്രീസില്‍ ഉറച്ചുനിന്നു തകര്‍ത്തടിച്ചു. 40 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ പാട്ടിദാര്‍ ടീമിനെ 150 കടത്തിയ ശേഷമാണ് സന്ദീപ് ശര്‍മ്മയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. അവസാന ഓവറുകളില്‍ ഇംപാക്ട് പ്ലെയറായി എത്തിയ വെങ്കിടേഷ് അയ്യര്‍ പുറത്താകാതെ 15 പന്തില്‍ 29 റണ്‍സ് നേടി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് അയ്യര്‍ ടീമിനെ 200 കടത്തിയത്.

Similar News