'അവസാനം വരെ ബാറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം'; ദൈവം തന്ന വലിയൊരു അവസരമായിരുന്നു; കരിയറിൽ വഴിത്തിരിവായത് ആ പ്രകടനമായിരുന്നു; മത്സരവിജയത്തിന് പിന്നാലെ മുകുൾ ചൗധരി

Update: 2026-04-10 05:13 GMT

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കെകെആറിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് അവിശ്വസനീയ ജയം സമ്മാനിച്ച ഹീറോ മുകുൾ ചൗധരിക്ക് പറയാനുള്ളത് ഒന്നുമാത്രം— "അവസാനം വരെ ക്രീസിൽ നിൽക്കുക" ഐപിഎൽ 2026-ലെ ആവേശപ്പോരാട്ടത്തിൽ 182 റൺസ് പിന്തുടർന്ന ലഖ്‌നൗവിനെ അവസാന പന്തിൽ വിജയതീരത്തെത്തിച്ചത് മുകുളിന്റെ തകർപ്പൻ പ്രകടനമാണ്. 27 പന്തിൽ പുറത്താകാതെ 54 റൺസ് നേടിയ താരം മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

"അവസാനം വരെ ബാറ്റ് ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇതന്റെ രണ്ടാമത്തെ മാത്രം മത്സരമാണ്. ദൈവം തന്ന വലിയൊരു അവസരമാണിത്. സമ്മർദ്ദമുണ്ടാകാം, പക്ഷേ പേരെടുക്കാനുള്ള അവസരം കൂടിയായാണ് ഞാൻ ഇതിനെ കാണുന്നത്,"—മത്സരശേഷം മുകുൾ പറഞ്ഞു. അവസാന ഓവറിലെ രണ്ട് സിക്സറുകൾ ഉൾപ്പെടെയുള്ള മുകുളിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാല് പന്തിൽ ഒരെണ്ണമെങ്കിലും തന്റെ 'സ്ലോട്ടിൽ' വരുമെന്ന് ഉറപ്പായിരുന്നുവെന്നും അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഈ യുവതാരം വെളിപ്പെടുത്തി.

തന്റെ ക്രിക്കറ്റ് യാത്രയെക്കുറിച്ചും മുകുൾ വാചാലനായി. "അച്ഛന്റെ വലിയ സ്വപ്നമായിരുന്നു മകൻ ക്രിക്കറ്റ് കളിക്കണമെന്നത്. സിക്കിമിൽ മികച്ച അക്കാദമികൾ ഇല്ലാതിരുന്നതിനാൽ ഡൽഹിയിലും ഗുരുഗ്രാമിലുമാണ് ഞാൻ പരിശീലനം നടത്തിയത്. യുപിക്ക് എതിരെ അണ്ടർ-19 മത്സരത്തിൽ നടത്തിയ പ്രകടനമാണ് എന്റെ കരിയറിൽ വഴിത്തിരിവായത്. ഗ്രൗണ്ടിന് സമാന്തരമായി കളിക്കുന്നതിനേക്കാൾ സിക്സറുകൾ പറത്താനാണ് എനിക്ക് പണ്ടേ ഇഷ്ടം,"— മുകുൾ കൂട്ടിച്ചേർത്തു.

മുകുളിന്റെ പ്രകടനത്തെ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വാനോളം പുകഴ്ത്തി. "നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ തന്നെ മുകുളിന്റെ മികവ് വ്യക്തമായിരുന്നു. എന്നാൽ സമ്മർദ്ദഘട്ടത്തിൽ മൈതാനത്ത് അത് പുറത്തെടുത്ത രീതി വർണ്ണിക്കാൻ വാക്കുകളില്ല. ഓരോ മത്സരത്തിലും ഓരോ പുതിയ താരങ്ങൾ വിജയത്തിനായി മുന്നോട്ട് വരുന്നത് ടീമിന്റെ സ്വഭാവമാണ് കാണിക്കുന്നത്."— പന്ത് പറഞ്ഞു. സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയ ലഖ്‌നൗവിന്റെ അടുത്ത പോരാട്ടം ഞായറാഴ്ച ഏകാന സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്.

Tags:    

Similar News