ആ സിംഗിള്‍ എടുക്കാത്തത് വലിയ വേദനയായി; ഡ്രസിങ് റൂമില്‍ പൊട്ടിക്കരഞ്ഞ് മില്ലര്‍; ആശ്വസിപ്പിക്കാനാകാതെ സഹതാരങ്ങള്‍
ആ സിംഗിള്‍ എടുക്കാത്തത് വലിയ വേദനയായി; ഡ്രസിങ് റൂമില്‍ പൊട്ടിക്കരഞ്ഞ് മില്ലര്‍
ന്യൂഡല്‍ഹി: വിജയത്തിന്റെ വക്കോളമെത്തിച്ചിട്ടും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 'കില്ലര്‍' മില്ലര്‍ തകര്‍ന്നുപോയിരിക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആവേശപ്പോരാട്ടത്തില്‍ വെറും ഒരു റണ്ണിന് തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് ഡേവിഡ് മില്ലര്‍ ഡ്രസിങ് റൂമില്‍ പൊട്ടിക്കരഞ്ഞത്.
മത്സരം കഴിഞ്ഞാലുടന്‍ ആരും കാണാതെ ഡ്രസിങ് റൂമിലെ ഒരു മൂലയില്‍ ചെന്നിരുന്ന് വിങ്ങിക്കരയുന്ന മില്ലറുടെ ദൃശ്യങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 'ഞങ്ങളുടെ കടുവയെ എപ്പോഴും പിന്തുണയ്ക്കും' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ടീം ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സപ്പോര്‍ട്ടിങ് സ്റ്റാഫും സഹതാരങ്ങളും ചേര്‍ന്ന് മില്ലറെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ മുഖത്തെ നിരാശ മാഞ്ഞിരുന്നില്ല.
കളിയുടെ ഗതി നിര്‍ണ്ണയിക്കുന്ന അവസാന ഓവറുകളില്‍ മില്ലര്‍ നടത്തിയ ചില തീരുമാനങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. നിര്‍ണ്ണായക ഘട്ടത്തില്‍ സിംഗിള്‍ എടുക്കാന്‍ മില്ലര്‍ തയ്യാറാകാതിരുന്നത് വലിയ പിഴവായെന്ന് ഒരു വിഭാഗം വാദിക്കുന്നു. അവസാന പന്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ പോയതോടെ ഒരു റണ്ണിന്റെ ദയനീയ തോല്‍വിയിലേക്ക് ഡല്‍ഹി വീണു.
സോഷ്യല്‍ മീഡിയയില്‍ മില്ലര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും, ടീം മാനേജ്മെന്റും മുന്‍ താരങ്ങളും മില്ലര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ഒറ്റയ്ക്ക് പോരാടി ടീമിനെ വിജയത്തിനടുത്തെത്തിച്ച താരത്തിന്റെ പോരാട്ടവീര്യത്തെ തള്ളിക്കളയാനാവില്ലെന്നാണ് ആരാധകരുടെ പക്ഷം.
