ഐപിഎല്ലിൽ ലക്നൗവിന് തിരിച്ചടി; പരിക്കേറ്റ ഹസരംഗ പുറത്ത്; ശ്രീലങ്കൻ താരം മടങ്ങുന്നത് ഒരു മത്സരം പോലും കളിക്കാതെ; പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും
കൊൽക്കത്ത: പരിക്കിനെത്തുടർന്ന് ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ ഐപിഎല്ലിൽ നിന്ന് പുറത്ത്. ലക്നൗ സൂപ്പർ ജയന്റ്സ് ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹസരംഗയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കുകയാണെന്നും 48 മണിക്കൂറിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മിനി ലേലത്തിൽ 2 കോടി രൂപയ്ക്കാണ് ലക്നൗ തങ്ങളുടെ പാളയത്തിൽ ഹസരംഗയെ എത്തിച്ചത്.
ഫെബ്രുവരിയിൽ നടന്ന ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനിടെ ഏറ്റ ഹാംസ്ട്രിംഗ് പരിക്കാണ് താരത്തിന് വിനയായത്. ഇതിനുശേഷം താരം മൈതാനത്തേക്ക് തിരിച്ചെത്തിയിട്ടില്ല. ഐപിഎല്ലിൽ പങ്കെടുക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർബന്ധമാക്കിയ ഫിറ്റ്നസ് ടെസ്റ്റിൽ ഹസരംഗ പങ്കെടുത്തിരുന്നില്ല. കേന്ദ്ര കരാറുള്ള താരങ്ങൾ എൻഒസി ലഭിക്കുന്നതിനായി ഫിറ്റ്നസ് തെളിയിക്കണമെന്നത് ലങ്കൻ ബോർഡിന്റെ കർശന നിയമമാണ്. 2021 മുതൽ 2023 വരെ ബെംഗളൂരുവിനായും കഴിഞ്ഞ സീസണിൽ രാജസ്ഥാനായും താരം കളിച്ചിട്ടുണ്ട്.
ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 3 വിക്കറ്റിന് തകർത്ത ആത്മവിശ്വാസത്തിലാണ് ലക്നൗ. പരാജയത്തിന്റെ വക്കിൽ നിന്ന് മുകുൾ ചൗധരിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് (27 പന്തിൽ 54) ലക്നൗവിനെ വിജയതീരത്തെത്തിച്ചത്. റിഷഭ് പന്ത് നയിക്കുന്ന ലക്നൗ ടീം ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചു. ഡൽഹിക്കെതിരെ തോറ്റാണ് തുടങ്ങിയതെങ്കിലും ഹൈദരാബാദിനെയും കൊൽക്കത്തയെയും വീഴ്ത്തി അവർ കരുത്ത് തെളിയിച്ചു.
ഹസരംഗയുടെ അഭാവം ടീമിനെ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ദിഗ്വേഷ് രതി, എം സിദ്ധാർത്ഥ്, ഷഹബാസ് അഹമ്മദ് എന്നിവരടങ്ങുന്ന സ്പിൻ നിര ടീമിന് കരുത്താണ്. പേസ് നിരയിൽ മുഹമ്മദ് ഷമിക്കൊപ്പം യുവതാരം പ്രിൻസ് യാദവും തകർപ്പൻ ഫോമിലാണ്. അതേസമയം, ആദ്യ മത്സരത്തിൽ തിളങ്ങിയ മൊഹ്സിൻ ഖാൻ പരിക്കിനെത്തുടർന്ന് നിലവിൽ ടീമിന് പുറത്താണ്. വരും മത്സരങ്ങളിൽ മൊഹ്സിൻ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
