ടോസിലെ ഭാഗ്യം രാജസ്ഥാന്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; ആര്‍സിബിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ഫിലിപ്പ് സാള്‍ട്ട് പൂജ്യത്തിന് പുറത്ത്; ജേക്കബ് ഡഫിക്ക് പകരം ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനില്‍
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബെംഗളൂരുവിന് ആദ്യ വിക്കറ്റ് ആദ്യ പന്തില്‍ തന്നെ നഷ്ടമായി. ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിനെ അക്കൗണ്ട് തുറക്കും മുമ്പെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈയ്യിലെത്തിച്ച് ജോഫ്ര ആര്‍ച്ചര്‍ മടക്കി. ടോസ് ജയിച്ച രാജസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബി തുഷാര്‍ ദേശ്പാണ്ഡെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ബ്രിജേഷ് ശര്‍മ രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ആര്‍സിബി ടീമിലും ഒരു മാറ്റമുണ്ട്. ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫിക്ക് പകരം ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പുറത്തായ ഹേസല്‍വുഡ് ആര്‍സിബിയുടെ ആദ്യ രണ്ട് കളികളിലും കളിച്ചിരുന്നില്ല. മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് ടോസിട്ടത്. ടോസിട്ടതിന് പിന്നാലെ വീണ്ടും മഴ എത്തിയതിനാല്‍ മത്സരം തുടങ്ങാന്‍ വൈകും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും ഗുജറാത്ത് ടൈറ്റന്‍സിനേയും മുംബൈ ഇന്ത്യന്‍സിനേയും വീഴ്ത്തി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബിക്കെതിരായ പോരിനിറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും തോല്‍പിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. ഐപിഎല്‍ പത്തൊന്‍പതാം സീസണില്‍ തോല്‍വി അറിയാത്ത ടീമുകളെന്ന റെക്കോര്‍ഡുമായാണ് രാജസ്ഥാനും ബെംഗളൂരുവും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. മുംബൈയെ തല്ലിത്തകര്‍ത്ത റോയല്‍സിന്റെ യശസ്വീ ജയ്‌സ്വാള്‍-വൈഭവ് സൂര്യവംശി ഓപ്പണിംഗ് കൂട്ടുകെട്ടിലേക്കാണ് ആരാധകര്‍ ഇന്നും ഉറ്റുനോക്കുന്നത്.
വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്‍കുന്ന തുടക്കത്തിനൊപ്പം ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. ഇരുടീമും ഇതുവരെ 34 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ പതിനേഴില്‍ ബെംഗളൂരുവും പതിനാലില്‍ രാജസ്ഥാനും ജയിച്ചു. മൂന്ന് മത്സരം ഉപേക്ഷിച്ചു.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡോനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, സന്ദീപ് ശര്‍മ്മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ്മ.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫിലിപ്പ് സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിംഗ്, ജോഷ് ഹേസല്‍വുഡ്.
