ഷാരൂഖ് ഖാനെ രാജ്യദ്രോഹിയാക്കി; പ്രതിഷേധം കടുത്തതോടെ മുസ്തഫിസൂറിനെ പുറത്താക്കാന്‍ ബിസിസിഐയുടെ ഇടപെടല്‍; ബംഗ്ലാദേശ് താരത്തിന് ഐപിഎല്‍ വിലക്ക്; കെകെആറിന് 9.2 കോടി തിരിച്ചുകിട്ടുമോ? ലോകകപ്പിന് ബംഗ്ലാ ടീം ഇന്ത്യയിലേക്കില്ല? നിര്‍ണായക തീരുമാനം ബിസിബി യോഗത്തില്‍

Update: 2026-01-03 17:35 GMT

ഗുവാഹത്തി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ബിസിസിഐ നിര്‍ദേശ പ്രകാരം ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കി ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയത്. ഇതുപ്രകാരം താരത്തെ ടീമില്‍നിന്നു റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎലില്‍നിന്ന് ഒഴിവാക്കിയതോടെ, പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രീതിയിലുള്ള വിലക്ക് ബംഗ്ലദേശ് താരങ്ങള്‍ക്കും ഏര്‍പ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും അനിശ്ചിതത്വത്തിലായി. തല്‍ക്കാലം പര്യടനം നടത്തേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചെന്നും അന്തിമതീരുമാനത്തിനു മുന്‍പ് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പര മാറ്റിവച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ പരമ്പര അവിടെ നടക്കുമെന്നും തീയതികളടക്കം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതിനും തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഫെബ്രുവരി 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലുള്ള ബംഗ്ലദേശിന്റെ പങ്കാളിത്തവും ചോദ്യചിഹ്നമായി.

എന്നാല്‍ തല്‍ക്കാലം ഐപിഎല്‍ സംബന്ധിച്ച് മാത്രമാണ് തീരുമാനമെന്നും ലോകകപ്പ് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് അറിയിച്ചു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയില്‍ നാലു മത്സരങ്ങളാണ് ബംഗ്ലാദേശിനുള്ളത്. ഇതില്‍ മൂന്നെണ്ണം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്.

ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടു മത്സരിച്ചാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. താരത്തെ ഒഴിവാക്കിയതോടെ ആവശ്യമെങ്കില്‍ പകരമൊരാളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്തയെ അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച രാത്രി അടിയന്തര യോഗം ചേരുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ അറിയിച്ചു. ബംഗ്ലദേശില്‍ അടുത്തിടെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കൊലപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലില്‍ ബംഗ്ലാദേശ് താരത്തിന്റെ പങ്കാളിത്തവും ചോദ്യം ചെയ്യപ്പെട്ടത്.

ബംഗ്ലദേശ് താരത്തെ ടീമിലെടുത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിസിസിഐ അസാധാരണ ഇടപെടല്‍ നടത്തിയത്. മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു.

2016 മുതല്‍ എട്ടു ഐപിഎല്‍ സീസണുകളില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ പങ്കെടുത്തിട്ടുണ്ട്. 2019ലും 2020ലും മാത്രമാണ് താരം കളിക്കാതിരുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയാണ് മുസ്തഫിസുര്‍ കളിച്ചിട്ടുള്ളത്. 2026ല്‍ ഐപിഎലില്‍ ആദ്യമായി കൊല്‍ക്കത്ത ജഴ്‌സി അണിയാന്‍ ഒരുങ്ങുന്നതിനിടെയാണ് അസാധാരണ സംഭവവികാസങ്ങള്‍. ''അവര്‍ എന്നെ ഒഴിവാക്കിയാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും'' എന്നായിരുന്നു സംഭവത്തില്‍ ഒരു ബംഗ്ലദേശ് സ്‌പോര്‍ട്‌സ് മാധ്യമത്തോട് മുസ്തഫിസുറിന്റെ പ്രതികരണം. നടപടിയില്‍ താരം കടുത്ത നിരാശനാണെന്നും റിപ്പോര്‍ട്ടുണ്ട്.

ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബോളര്‍മാരില്‍ ഒരാളെയാണ് മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നഷ്ടമാകുന്നത്. 9.2 കോടി രൂപയ്ക്കാണ് താരത്തെ,കൊല്‍ക്കത്ത ടീമിലെത്തിച്ചത്. സാധാരണഗതിയില്‍ ഈ തുക അപ്പോള്‍ തന്നെ ടീമിന്റെ പഴ്‌സില്‍നിന്ന് നഷ്ടമാകും. താരം സ്വമേധയാ പിന്‍വാങ്ങിയാലോ പരുക്കേറ്റാലോ ഈ തുക തിരിച്ചു ലഭിക്കാറില്ല. എന്നാല്‍ മുസ്തഫിസുറിന്റെ അസാധാരണ സാഹചര്യമായതിനാല്‍ ഈ തുക, കൊല്‍ക്കത്തയുടെ പഴ്‌സിലേക്കു തിരികെ ലഭിക്കും. അതേസമയം, കൊല്‍ക്കത്തയോടോ ബിസിസിഐയോടോ മുസ്തഫിസുര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാല്‍ സാഹചര്യം മാറും. ലേലത്തില്‍ എടുത്തെങ്കിലും താരവുമായി ഇതുവരെ ഔദ്യോഗികമായി കരാറിലേര്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ താരത്തിന്റെ തുടര്‍നടപടികള്‍ എന്താകും എന്നു കണ്ടറിയണം.

Similar News