കലാശപ്പോരില്‍ ടോസിലെ ഭാഗ്യം കിവീസിന്; പിച്ചിലെ പുല്ലിന്റെ സാന്നിധ്യം കണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത് സാന്റനര്‍; മാറ്റ് ഹെന്റിക്ക് ഒപ്പം വേഗപന്തുമായി ഡഫിയും; ടീമില്‍ നിര്‍ണായക മാറ്റം; ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല; ആദ്യം ബാറ്റ് ചെയ്യുന്നതില്‍ ആത്മവിശ്വാസമെന്ന് സൂര്യകുമാര്‍; കണ്ണുകളെല്ലാം സഞ്ജുവില്‍
അഹമ്മദാബാദ്: ട്വന്റി ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അതേസമയം കിവീസ് ടീമില്‍ ഒരു നിര്‍ണായക മാറ്റമുണ്ട്. മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫി ടീമിലിടം പിടിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം എട്ട് മത്സരങ്ങളില്‍ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീം എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങള്‍ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
തകര്‍പ്പന്‍ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍, ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. മറുവശത്ത് കിവീസ് ഓപ്പണര്‍ ഫിന്‍ അലനും ടിം സിഫര്‍ട്ടും തകര്‍പ്പന്‍ ഫോമിലാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി 20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ചാണ് താരത്തിന്റെ വരവ്. ലോകകപ്പിന് തൊട്ട് മുമ്പ് ഇരുടീമുകളും അഞ്ച് മത്സര പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം ശക്തി ദൗര്‍ബല്യങ്ങള്‍ ഇരു സംഘങ്ങള്‍ക്കും കൈരേഖ പോലെ വ്യക്തം. സെമി ഫൈനലിന് കളത്തിലിറക്കിയ അതേ ടീമുമായിട്ടാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ന്യൂസിലാന്‍ഡ് ആകട്ടെ സെമിയില്‍ വിജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍ നല്‍കുന്ന മികച്ച തുടക്കവും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. നാല് മത്സരങ്ങളില്‍നിന്ന് 232 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ജസ്പ്രീത് ബുംറ ഏഴ് മത്സരങ്ങളില്‍നിന്ന് പത്തുവിക്കറ്റുകളും നേടി. അതേസമയം കിവീസിനായി ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ന്യൂസീലന്‍ഡ് നിരയില്‍ ഫിന്‍ അലന്‍ എട്ട് മത്സരങ്ങളില്‍ിന്ന് 289 റണ്‍സോടെ മുന്നിലുണ്ട്. ടിം സെയ്‌ഫേര്‍ട്ടും 274 റണ്‍സുമായി മുന്‍നിരയില്‍ തന്നെയുണ്ട്.രചിന്‍ രവീന്ദ്ര ഒന്‍പത് മത്സരങ്ങളില്‍നിന്ന് 11 വിക്കറ്റുകളുമായി ബൗളര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നു.
വിശകലനം:
പിച്ചിലെ പുല്ലിന്റെ സാന്നിധ്യം കിവീസ് പേസര്‍ മാറ്റ് ഹെന്റിക്ക് തുണയായേക്കാം. അതിനാല്‍ തന്നെ ആദ്യ ഓവറുകളില്‍ അതീവ ജാഗ്രതയോടെ കളിക്കേണ്ടി വരും. 200 റണ്‍സിന് മുകളിലുള്ള ഒരു സ്‌കോര്‍ പടുത്തുയര്‍ത്താനായാല്‍ ഇന്ത്യയ്ക്ക് കിരീടസാധ്യത കൂടും. ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്യുന്നതില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പൂര്‍ണ്ണ സംതൃപ്തനാണ്. സെമി ഫൈനലിലായാലും ഫൈനലിലായാലും ബോര്‍ഡില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
സൂര്യയുടെ വാക്കുകള്‍:
'ടോസ് നഷ്ടമായതില്‍ വിഷമമില്ല, ഞങ്ങള്‍ ആദ്യം ബാറ്റിംഗ് തന്നെയായിരുന്നു ആഗ്രഹിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ ഈ തന്ത്രം ഞങ്ങള്‍ക്ക് വലിയ വിജയം നല്‍കിയിട്ടുണ്ട്. ഇതൊരു റെഡ് സോയില്‍ (ചുവന്ന മണ്ണ്) പിച്ച് ആയതുകൊണ്ട് ബാറ്റിംഗ് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഒരു ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് വലിയൊരു സ്‌കോര്‍ ബോര്‍ഡില്‍ എത്തിക്കുക, പിന്നീട് അത് പ്രതിരോധിക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. ഞങ്ങളുടെ ബൗളര്‍മാര്‍ ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലുമാണ്.'
'ഞങ്ങള്‍ നിലവിലെ ചാമ്പ്യന്മാരാണ് എന്നത് അഭിമാനകരമാണ്, പക്ഷേ അത് ഇപ്പോള്‍ ചരിത്രമാണ്. ഇതൊരു പുതിയ ലോകകപ്പാണ്. 2023 ഫൈനല്‍ നടന്ന അതേ വേദിയില്‍ വീണ്ടുമൊരു കലാശപ്പോരിന് ഇറങ്ങുന്നത് പ്രത്യേക അനുഭവമാണ്. 1,20,000 കാണികള്‍ക്ക് മുന്നില്‍ കളിക്കുക എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. മത്സരം തുടങ്ങുന്നതിന് മുന്‍പേ ഗാലറി നിറഞ്ഞു കഴിഞ്ഞു. അവര്‍ക്കായി ഒരു മികച്ച പ്രകടനം തന്നെ ഞങ്ങള്‍ കാഴ്ചവെക്കും.'
അഹമ്മദാബാദിലെ പിച്ചില്‍ നേരിയ തോതിലുള്ള പുല്ലിന്റെ സാന്നിധ്യം (Tinge of grass) കണ്ടാണ് താന്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതെന്ന് മിച്ചല്‍ സാന്റ്‌നര്‍ വ്യക്തമാക്കി. ബാറ്റിംഗിന് അനുകൂലമായ ഈ പിച്ചില്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം മുതലെടുത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതാന്‍ ലക്ഷ്യമിട്ടാണ് കിവികള്‍ പന്തെറിയുന്നത്.
സാന്റ്‌നറുടെ നിരീക്ഷണങ്ങള്‍:
'പിച്ച് കാഴ്ചയില്‍ മികച്ചതാണ്. നേരിയ തോതില്‍ പുല്ലുണ്ട്, അതിനാല്‍ തുടക്കത്തില്‍ ബൗളര്‍മാര്‍ക്ക് എന്തെങ്കിലും ലഭിക്കുമോ എന്ന് ഞങ്ങള്‍ നോക്കും. ഇന്ത്യയ്ക്ക് മികച്ച ബാറ്റിംഗ് കരുത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, അതിനാല്‍ അവര്‍ ഉയര്‍ത്തുന്ന സ്‌കോര്‍ ഞങ്ങള്‍ക്ക് ചേസ് ചെയ്യാവുന്ന പരിധിയില്‍ ഒതുക്കുക എന്നതാണ് ലക്ഷ്യം.' ഈ നിര്‍ണ്ണായക മത്സരത്തില്‍ സ്പിന്നറായ മക്കോഞ്ചിക്ക് പകരം വേഗതയേറിയ ബൗളര്‍ ജേക്കബ് ഡഫിയെ സാന്റ്‌നര്‍ ടീമിലേക്ക് തിരികെ വിളിച്ചു. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചിലെ സാഹചര്യം കണക്കിലെടുത്താണ് ഈ മാറ്റം.
'ഞങ്ങള്‍ ഈ മത്സരത്തിനായി തയ്യാറെടുത്തിരിക്കുകയാണ്. ഇത്രയധികം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് വലിയൊരു കാര്യമാണ്. ഇതൊരു മികച്ച രാത്രിയായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സെമി ഫൈനലില്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു, അത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇത് കരിയറിലെ ഏറ്റവും വലിയ വേദിയാണ്, എല്ലാവരും തയ്യാറാണ്.'
മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇതിന് മുന്‍പ് 2007,2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകിരീടം നേടിയിട്ടുള്ളത്. മാത്രമല്ല, നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമുണ്ട്. അതേസമയം ന്യൂസീലന്‍ഡാകട്ടെ ഇതുവരെ ട്വന്റി-20 ലോകകപ്പ് നേടിയിട്ടില്ല. കന്നിക്കിരീടം തേടിയാണ് അഹമ്മദാബാദില്‍ കലാശപ്പോരിനിറങ്ങുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കിവീസിനോട് ജയിച്ചിട്ടില്ല. മൂന്ന് തവണയും ജയം ന്യൂസീലന്‍ഡിനായിരുന്നു.
ഇന്ത്യന്‍ ടീം - അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
ന്യൂസീലന്‍ഡ് ടീം - ടിം സെയ്‌ഫേര്‍ട്ട്, ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ഡഫി, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍
