മാറ്റ് ഹെന്റിയെ സിക്‌സറിന് പറത്തി മിന്നുന്ന തുടക്കമിട്ട് സഞ്ജു; പതിനെട്ട് പന്തില്‍ അര്‍ധ സെഞ്ചുറിയുമായി അഭിഷേക് ശര്‍മ; പിന്നാലെ യുവതാരം പുറത്ത്; പവര്‍ പ്ലേയില്‍ തല്ല് വാങ്ങികൂട്ടി കിവീസിന്റെ പേസര്‍മാര്‍; ആദ്യ ആറ് ഓവറില്‍ ഇന്ത്യ അടിച്ചൂകൂട്ടിയത് 92 റണ്‍സ്; ലോകകപ്പ് ഫൈനലില്‍ ഏഴാം ഓവറില്‍ നൂറ് പിന്നിട്ട് സൂര്യകുമാറും സംഘവും

Update: 2026-03-08 14:17 GMT

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം. ആദ്യ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് റണ്‍സ് എന്ന നിലയിലാണ്. 21 പന്തില്‍ 52 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രചിന്‍ രവീന്ദ്രയുടെ പന്തില്‍ കീപ്പര്‍ ടിം സിഫര്‍ട്ടിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. 22ന്തില്‍ 38 റണ്‍സുമായി സഞ്ജു സാംസണും അഞ്ച് പന്തില്‍ 12 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പവര്‍ പ്ലേ സ്‌കോര്‍ ആണ് ഇന്ത്യ നേടിയത്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറില്‍ സിക്‌സറോടെയാണ് സഞ്ജു സാംസണ്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ആദ്യ ഓവറില്‍ ഏഴ് റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്സിനെ രണ്ടാം ഓവര്‍ ഏല്‍പ്പിച്ച കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റനര്‍ അഭിഷേക് ശര്‍മയെ വീഴ്ത്താന്‍ ലക്ഷ്യമിട്ടെങ്കിലും ആ കെണിയില്‍ ഇത്തവണ അഭിഷേക് തലവച്ചു കൊടുത്തില്ല. രണ്ടാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമെ നേടാനായുള്ളു.

എന്നാല്‍ മൂന്നാം ഓവറില്‍ ജേക്കബ് ഡഫിയെ പന്തേല്‍പ്പിച്ച മിച്ചല്‍ സാന്റനറിന് പിഴച്ചു. മൂന്ന് ബൗണ്ടറികളടക്കം പതിനഞ്ച് റണ്‍സാണ് ഡഫി വഴങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തി. ബൗണ്ടറിയോടെയാണ് അഭിഷേക് ഫെര്‍ഗൂസണെ വരവേറ്റത്. തൊട്ടടുത്ത പന്തില്‍ സിക്‌സും. അതേ ഓവറില്‍ സഞ്ജുവും സിക്‌സും ഫോറും പറത്തി. 24 റണ്‍സാണ് ഫെര്‍ഗൂസണ്‍ നാലാം ഓവറില്‍ വഴങ്ങിയത്.

അഞ്ചാം ഓവറില്‍ മാറ്റ് ഹെന്റിയെ തിരിച്ചുവിളിച്ചെങ്കിലും നിലയുറപ്പിച്ച അഭിഷേകും സഞ്ജൂവും നിലം തൊടിച്ചില്ല. 21 റണ്‍സാണ് ഹെന്റി വഴങ്ങിയത്. ആറാം ഓവറിലെ ഡഫിയുടെ ആദ്യ മൂന്ന് പന്തും അഭിഷേക് ബൗണ്ടറി കടത്തി. ആദ്യ പന്തില്‍ ഫോര്‍. രണ്ടാം പന്തില്‍ സിക്‌സ്, മൂന്നാം പന്തും അഞ്ചാം പന്തും ബൗണ്ടറികള്‍. ഇതിനിടെ അഭിഷേക് പതിനെട്ട് പന്തില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്്. കോള്‍ മക്കോഞ്ഞിക്ക് പകരം പേസര്‍ ജേക്കബ് ഡഫി ടീമില്‍ തിരിച്ചെത്തി. ഇന്ത്യ സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - കിവീസ് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ജയം. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ന്യൂസീലന്‍ഡിന് ജയം. 2007ല്‍ പത്ത് റണ്‍സിനും 2016ല്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു. ട്വന്റി 20 ലോകകപ്പില്‍ കിവീസിനോട് ജയിക്കാനായിട്ടില്ലെന്ന ചരിത്രം കൂടി തിരുത്തിയെഴുതി വേണം ഇന്ത്യയ്ക്ക് അഹമ്മദാബാദില്‍ കപ്പുയര്‍ത്താന്‍.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏകതോല്‍വി അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു. ഇന്ത്യ സെമിയില്‍ ഏഴ് റണ്ണിന് ഇംഗ്ലണ്ടിനെ മറികടന്നു. ന്യൂസിലന്‍ഡ് ഒന്‍പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍, ആദ്യ ട്രോഫിയാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.

Similar News