'ആ സ്വപ്നം സഫലമായി, അത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയി; കടമയാണ് ഏറ്റവും പ്രധാനമെന്ന് അച്ഛന്‍ എപ്പോഴും എന്നെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു'; ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്

Update: 2026-03-10 15:16 GMT

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. തന്റെ ക്രിക്കറ്റ് ജീവിതത്തിന് വലിയ പ്രചോദനമായിരുന്ന പിതാവ് ഖന്‍ചന്ദ്ര സിങിനെകുറിച്ചാണ് താരം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. അച്ഛന്റെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ കഴിഞ്ഞു. പക്ഷേ, അത് കാണാന്‍ അച്ഛനില്ലാത്തത് വലിയ വിഷമം ഉണ്ടാക്കുന്നു എന്നും റിങ്കു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഫൈനലിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തന്റെ പിതാവിന്റെ ഓര്‍മ്മകളിലാണ് ഈ യുവതാരം. ലോകകപ്പ് ട്രോഫി കൈയ്യിലേന്തുമ്പോള്‍ തന്റെ അച്ഛന്‍ എത്രത്തോളം സന്തോഷിക്കുമായിരുന്നു എന്ന് മാത്രമാണ് റിങ്കുവിന് ചിന്തിക്കാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ തന്റെ പിതാവിനെക്കുറിച്ച് റിങ്കു ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കുറിച്ചു.

''അച്ഛന്റെ സ്വപ്നം പൂര്‍ത്തിയായി, പക്ഷേ... അച്ഛനോട് സംസാരിക്കാതെ ഇത്രയധികം ദിവസങ്ങള്‍ ഇതിന് മുമ്പ് കടന്നുപോയിട്ടില്ല. അച്ഛനില്ലാതെ ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല... പക്ഷേ ഓരോ ചുവടിലും എനിക്ക് അച്ഛന്റെ സാന്നിധ്യം ആവശ്യമാണ്...'' റിങ്കു കുറിച്ചു.

കടമയാണ് എല്ലാറ്റിനും ഉപരിയെന്ന് അച്ഛനാണ് തന്നെ പഠിപ്പിച്ചതെന്നും അതിനാല്‍ മൈതാനത്ത് അച്ഛന്റെ സ്വപ്നം പൂര്‍ത്തിയാക്കാനാണ് താന്‍ ശ്രമിച്ചതെന്നും റിങ്കു പറഞ്ഞു. 'ഇപ്പോള്‍ അച്ഛന്റെ സ്വപ്നം സഫലമായിരിക്കുന്നു... പക്ഷേ നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ചെറുതും വലുതുമായ ഓരോ സന്തോഷത്തിലും നിങ്ങളുടെ കുറവ് ഞാന്‍ അനുഭവിക്കും. നിങ്ങളെ ഞാന്‍ വളരെ അധികം മിസ് ചെയ്യും പപ്പ എന്ന് പറഞ്ഞാണ് റിങ്കുവിന്റെ കുറുപ്പ് അവസാനിക്കുന്നത്.

ലോകകപ്പ് ടൂര്‍ണമെന്റിനിടെയാണ് കാന്‍സര്‍ ബാധിതനായ റിങ്കുവിന്റെ പിതാവ് ഖന്‍ചന്ദ്ര സിങിന്റെ ആരോഗ്യനില വഷളായത്. നാലാം ഘട്ടത്തിലെത്തിയ ലിവര്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന റിങ്കുവിന്റെ പിതാവ് ഫൈനലിന് തൊട്ടുമുമ്പാണ് അന്തരിച്ചത്. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരത്തിന് പിന്നാലെ പിതാവിനെ കാണാന്‍ റിങ്കു നാട്ടിലേക്ക് പോയിരുന്നു. പിന്നീട് സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പിതാവ് മരിച്ചു. പിതാവിന്റെ മൃതദേഹം കരഞ്ഞു കൊണ്ട് ചുമന്ന് പോകുന്ന റിങ്കുവിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വന്നിരുന്നു.

ചെറുപ്പകാലത്ത് ക്രിക്കറ്റിനോടുള്ള മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ പിതാവ് ഖന്‍ചന്ദ്ര വലിയ പിന്തുണയാണ് റിങ്കുവിന് നല്‍കിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിങ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തി നല്‍കിയിരുന്നു. പിതാവിന്റെ കഷ്ടപ്പാടിനെക്കുറിച്ചു റിങ്കു നിരവധി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിങ്കു സിങ് ഇന്ത്യന്‍ ടീമിലെത്തിയശേഷവും പിതാവ് ഇതേ ജോലി തന്നെ ആണ് ചെയ്തിരുന്നത്.

Similar News