അന്ന് ലോകകപ്പ് ജയിച്ചപ്പോള്‍ ആ ടീമില്‍ ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയുമുണ്ടായിരുന്നു; ഈ ലോകകപ്പുമായി സഞ്ജുവും സിറാജുമൊന്നും പള്ളികളില്‍ പോയിട്ടില്ല; ഒരു പ്രത്യേക മതത്തിന്റെ മാത്രം വിജയമായി ചിത്രീകരിക്കരുത്'; ട്രോഫിയുമായി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ തുറന്നടിച്ച് കീര്‍ത്തി ആസാദ്
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദര്‍ശനം നടത്തിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെയും ജയ് ഷായെയും വിമര്‍ശിച്ച് മുന്‍ ലോകകപ്പ് ജേതാവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ കീര്‍ത്തി ആസാദ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകകപ്പ് ട്രോഫി ഒരു പ്രത്യേക മതത്തിന്റെ മാത്രം വിജയമായി ചിത്രീകരിക്കരുതെന്ന് കീര്‍ത്തി ആസാദ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. കിരീടനേട്ടത്തിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീര്‍, നായകന്‍ സൂര്യകുമാര്‍ യാദവ്, ജയ് ഷാ തുടങ്ങിയവര്‍ ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് കീര്‍ത്തി ആസാദ് പ്രതികരിച്ചത്.
ഞായറാഴ്ച ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകന്‍ സൂര്യകുമാര്‍ യാദവും ബിസിസിഐ മുന്‍ സെക്രട്ടറിയും നിലവിലെ ഐസിസി ചെയര്‍മാനുമായ ജയ് ഷായും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് 1983-ലെ ലോകകപ്പ് ജേതാവായ കീര്‍ത്തി ആസാദ് രൂക്ഷ വിമര്‍ശനവുമായി എത്തിയത്.
'1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ലോകകപ്പ് ജയിച്ചപ്പോള്‍ ആ ടീമില്‍ ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയുമുണ്ടായിരുന്നു. ഞങ്ങള്‍ ട്രോഫി കൊണ്ടുവന്നത് ഞങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണ്. എന്തിനാണ് ഇന്ത്യ നേടിയ ലോകകപ്പ് ട്രോഫിയെ ഇത്തരത്തില്‍ ഒരു മതവിഭാഗത്തിന്റേതായി ചുരുക്കുന്നത്. ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, അല്ലാതെ സൂര്യകുമാര്‍ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല. മുഹമ്മദ് സിറാജ് ഈ ട്രോഫി പള്ളിയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിട്ടില്ല, ലോകകപ്പിന്റെ താരമായിട്ടും സഞ്ജു സാംസണ്‍ ട്രോഫിയുമായി ഒരു ചര്‍ച്ചിലും പോയിട്ടില്ല. ഈ ലോകകപ്പ് എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന 140 കോടി ഇന്ത്യക്കാരുടേതാണ്. ഇതൊരു മതത്തിന്റെ മാത്രം വിജയമല്ല'-കീര്‍ത്തി ആസാദ് എക്‌സില്‍ കുറിച്ചു.
ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയില്‍ ട്രോഫി ക്ഷേത്രത്തില്‍ കൊണ്ടുപോയത് ശരിയായ നടപടിയല്ലെന്നും കായിക നേട്ടങ്ങളെ മതപരമായ ചടങ്ങുകളുമായി കൂട്ടിക്കലര്‍ത്തുന്നത് ടീമിന്റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നും കീര്‍ത്തി ആസാദ് ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തിയതിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
