ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയെ കരകയറ്റി നിതീഷ് കുമാർ റെഡ്ഡി; കന്നി സെഞ്ചുറിയോടെ പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോറർ; ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം
മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ നിർണായകമായ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ആശ്വാസമായി നിതീഷ് കുമാര്‍ റെഡ്ഡിയുടെ സെഞ്ച്വറി. ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് താരം ഇന്ത്യൻ എറെസ്റ് ടീമിൽ ഇടം നേടിയത്. എന്നാൽ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനായി ഓസ്‌ട്രേലിയയിലേക്ക് 21കാരന് വിളി വന്നതോടെ ക്രിക്കറ്റ് നിരൂപകർ ഉൾപ്പെടെ നെറ്റിചുളിച്ചിരുന്നു. എന്നാൽ സംശങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് യുവതാരം. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി അറിയപ്പെടുന്ന മെല്‍ബണില്‍ കന്നി ടെസ്റ്റ് സെഞ്ചുറിയിലൂടെ വരവ് അറിയിച്ചിരിക്കുകയാണ് യുവ താരം. ബൗണ്ടറിയിലൂടെയായിരുന്നു 170 പന്തില്‍ നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചു. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 ന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. 221-7 എന്ന സ്കോറില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ ഇന്ത്യയ്ക്ക് നിതീഷ് കുമാറും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഉയർത്തിയ 127 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയർത്തി കരകയറ്റുകയായിരുന്നു. നഥാന്‍ ലിയോണ്‍ സുന്ദറിനെ(50) പുറത്താക്കുമ്പോള്‍ നിതീഷ് റെഡ്ഡി 97ല്‍ എത്തിയിരുന്നു. പിന്നീട് രണ്ട് റണ്‍സ് ഓടിയെടുത്ത നിതീഷ് 99ല്‍ നില്‍ക്കെയാണ് കമിന്‍സ് ബുമ്രയെ സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിക്കുന്നത്. ഇതോടെ അര്‍ഹിച്ച സെഞ്ചുറി നിതീഷിന് നഷ്ടമാകുമെന്ന് തോന്നിച്ചെങ്കിലും കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ അതിജീവിച്ച് സിറാജ് നിതീഷിന് കന്നി സെഞ്ചുറിയിലേക്ക് വഴിയൊരുക്കി.
ഈ പരമ്പരയിലുടനീളം മികച്ച ഫോമിലാണ് നിതീഷ് ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലടക്കം നാലു തവണ ഇന്ത്യയുടെ ടോപ് സ്കോററായ നിതീഷ് പരമ്പരയിലെ റണ്‍വേട്ടയിലും ഇന്ത്യയുടെ ടോപ് സ്കോററാണിപ്പോള്‍. യശസ്വി ജയ്സ്വാളിനെയും വിരാട് കോലിയെയും രോഹിത് ശര്‍മയെയും സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷെയ്നിനെയും പോലുള്ള മുന്‍നിര ബാറ്റര്‍മാരെ മറികടന്നാണ് ഇന്ത്യക്കായി എട്ടാമനായി ക്രീസിലെത്തുന്ന നിതീഷ് പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമനായത്.
ഓസ്ട്രേലിയയില്‍ സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററുമാണ് നിതീഷ് കുമാര്‍ റെഡ്ഡി. സച്ചിനും(18 വയസ്) റിഷഭ് പന്തും(21 വയസ്) എന്നിവരാണ് നിതീഷിന് മുന്നിലുള്ളത്.ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് ഇന്ന് മറികടന്നത്.