മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് കുശാല്‍ മെന്‍ഡിസ്; ഗില്ലും ജെയ്സ്വാളും ആദ്യ പത്ത് പേരുടെ പട്ടികയില്‍; ബൗളര്‍മാരില്‍ താരം ബുംറ തന്നെ; 68 വിക്കറ്റുകള്‍ പിഴുത് കലണ്ടര്‍ വര്‍ഷം മുന്നില്‍ ഇന്ത്യന്‍ പേസ് ബൗളര്‍
മുംബൈ: ലോകക്രിക്കറ്റില്‍ പുതിയ താരങ്ങള്‍ ഉദയം കൊള്ളുകയും പഴയ മുഖങ്ങള്‍ തികഞ്ഞ ഫോമില്‍ കളിക്കുകയും ചെയത് വര്‍ഷാണ് 2024. ഡിസംബര്‍ മാസത്തിന്റെ പകുതിയില്‍ ഏറെയും ഇനിയും ക്രിക്കറ്റ് കലണ്ടറില്‍ ബാക്കി നില്ക്കവേ ഈ വര്‍ഷം പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയവര്‍ ആരൊക്കെയാണെന്ന് നോക്കാം. ഈ പട്ടിക പരിശോധിക്കുമ്പോള്‍ അതില്‍ ഇടംപിടിച്ചവയില്‍ ഇന്ത്യന്‍ താരങ്ങളും മോശമല്ല.
ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ മെന്‍ഡിസാണ് 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 46 മത്സരങ്ങളിലെ 52 ഇന്നിംഗ്സുകളില്‍ നിന്നായി കുശാല്‍ നേടിയത് 1758 റണ്‍സാണ്. ടി 20, ഏകദിന, ടെസ്റ്റ് മത്സരങ്ങളുടെ സമഗ്രമായ കണക്ക് പ്രകാരമാണിത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. യശ്വസി ജയ്സ്വാള്‍ രണ്ടാമതും, ശുഭ്മാന്‍ ഗില്‍ പത്താം സ്ഥാനത്തുമാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കുശാല്‍ മെന്‍ഡിസിനെക്കാളും 19 ഇന്നിംഗ്‌സുകള്‍ കുറവാണ് ജയ്സ്വാളിനെന്നത് ശ്രദ്ധേയമാണ്.
21 മത്സരങ്ങളിലെ 33 ഇന്നിംഗ്സുകളില്‍ നിന്നായി താരം അടിച്ച് കൂട്ടിയത് 1597 റണ്‍സാണ്. 22 മത്സരങ്ങളില്‍ നിന്നായി 32 ഇന്നിംഗ്‌സുകള്‍ ബാറ്റേന്തിയ ഗില്ലിന് 1167 സ്വന്തമാക്കാനായി. പട്ടികയില്‍ ഗില്ലിന് തൊട്ട് പിന്നിലാണ് രോഹിത് ശര്‍മ്മ. 1126 റണ്‍സാണ് ഹിറ്റ്മാന്റെ 2024 ലെ സമ്പാദ്യം. അതേസമയം പട്ടികയില്‍ വളരെ പിന്നിലാണ് വിരാട് കോഹ്ലി.
പട്ടികയില്‍ 63 സ്ഥാനത്തുള്ള കോഹ്ലിക്ക് 28 ഇന്നിംഗ്സുകളില്‍ നിന്നായി വെറും 600 റണ്‍സാണ് നേടാനായത്. ഇംഗ്‌ളീഷ് താരങ്ങളായ ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ശ്രീലങ്കന്‍ താരങ്ങളായ കമിന്ദു മെന്‍ഡിസ്, പതും നിസ്സാങ്ക, ഓസ്ട്രേലിയ താരം ട്രാവിസ് ഹെഡ് എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് കളിക്കാര്‍.
2024ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയാണ്. 19 മത്സരങ്ങള്‍ കളിച്ച താരം 29 ഇന്നിംഗ്സുകളില്‍ നിന്നായി 68 വിക്കറ്റുകളാണ് നേടിയത്. ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരംഗയാണ് പട്ടികയില്‍ ബുംറയ്ക്ക് പിന്നിലായി സ്ഥാനം പിടിച്ചിട്ടുള്ളത്. 28 മത്സരങ്ങളില്‍ നിന്നും 60 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. ബുംറയെ കൂടാതെ വെറ്ററന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് മാത്രമാണ് ഇന്ത്യയിൽ നിന്നും ആദ്യ പത്തില്‍ ഇടം നേടാനായത്. 11 മത്സരങ്ങളിലെ 21 ഇന്നിംഗ്‌സുകള്‍ നിന്നായി 47 വിക്കറ്റുകള്‍ സ്വന്തമാക്കാനായി. ജഡേജ പന്ത്രണ്ടാം സ്ഥാനത്തുണ്ട്.