പന്ത്രണ്ടാം വയസ്സില്‍ അപൂര്‍വ നേട്ടത്തില്‍ ചൈനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി; ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ക്കാരി
പന്ത്രണ്ടാം വയസ്സില്‍ അപൂര്‍വ നേട്ടത്തില്‍ ചൈനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
സിംഗപ്പൂര്‍: ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ക്കാരിയായി മാറിയിരിക്കുകയാണ് ചൈനയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. യു സി ഡി എന്ന 12 വയസുകാരിയാണ് ഈ അപൂര്‍വ്വ നേട്ടത്തിന് ഉടമയായി മാറിയത്. ഈ ആഴ്ച ആദ്യം നടന്ന വനിതകളുടെ 4 ഇന്‍ടു 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയുടെ ഹീറ്റ്സില്‍ നീന്തിയാണ് ഈ മിടുക്കി വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
കഴിഞ്ഞയാഴ്ച നടന്ന ഫൈനലില്‍ പങ്കെടുക്കാന്‍ യു സിഡിക്ക് സാധിച്ചിരുന്നില്ല. സിംഗപ്പൂരില്‍ നടന്ന ഫൈനലില്‍ അമേരിക്കയ്ക്കും ജേതാക്കളായ ഓസ്‌ട്രേലിയയ്ക്കും പിന്നില്‍ ചൈന മൂന്നാം സ്ഥാനത്താണ് എത്തിയത്. 1936 ലെ ഒളിമ്പിക്സില്‍ ഡെന്‍മാര്‍ക്കിന്റെ ഇംഗെ സോറന്‍സെന്‍ 200 മീറ്റര്‍ ബ്രെസ്റ്റ്‌സ്ട്രോക്കില്‍ വെങ്കല മെഡല്‍ നേടിയതിനുശേഷം, ഒരു പ്രധാന അന്താരാഷ്ട്ര മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡല്‍ ജേതാവായി മാറുകയാണ് ഇവര്‍.
ഈ നേട്ടം വളരെ വൈകാരികമായി തോന്നുന്നതായും ഇതൊരു നല്ല അനുഭവമാണ് എന്നും യു സിഡി വ്യക്തമാക്കി. ഈ കുട്ടിക്ക് ഒക്ടോബറില്‍ പതിമൂന്ന് വയസ് പൂര്‍ത്തിയാകും. വ്യാഴാഴ്ച നടന്ന വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ൈള ഫൈനലില്‍ വ്യക്തിഗത നേട്ടത്തിന് യു സിഡി അടുത്തെത്തിയിരുന്നു പക്ഷേ നാലാം സ്ഥാനം കൊണ്ടു തൃപ്തയാകേണ്ടി വന്നു. തിങ്കളാഴ്ച നടന്ന വ്യക്തിഗത
മെഡ്‌ലി ഫൈനലില്‍, നാലാം സ്ഥാനം നേടിയ യുവിന് 0.06 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി.
അതേ സമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ യുവിന്റെ നേട്ടത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ട്. ചാമ്പ്യന്‍ഷിപ്പുകളിലെ മത്സരാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 14 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ എ ഗ്രേഡ് ഉള്ളത് കൊണ്ടാണ് ഈ അവസരം ലഭിച്ചത്. യുവിന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നില്ലെങ്കിലും, ആഗോള വേദിയില്‍ മത്സരിക്കാന്‍ അവളെ അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
ബി.ബി.സി ഉള്‍പ്പെടെയുള്ള പ്രമുഖ ആഗോള മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പലരും ചോദിക്കുന്നത് യുവിന് എത്ര നാളത്തെ പരിശീലനം ലഭിച്ചിട്ടുണ്ട് എന്നാണ്. കഠിനമായ പരിശീലനമാണ് ഈ ചെറിയ പ്രായത്തില്‍ ലഭിച്ചതെങ്കില്‍ അവളുടെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 1976 ലെ ഒളിമ്പിക്സില്‍ 13 വയസ്സുള്ളപ്പോള്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച ഷാരോണ്‍ ഡേവിസിന്റെ ഉദാഹരണം പലരും ചൂണ്ടിക്കാട്ടുന്നു.