ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ആദ്യ വനിതാ ബോക്സര്‍; ഇടിക്കൂട്ടിലെത്തിയത് ഇന്ത്യന്‍ ബോക്സിങ്ങ് ഇതിഹാസമായ മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന്; ഒളിമ്പിക്സിലെ മെഡല്‍ നഷ്ടം ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമാക്കി തിരുത്തി; ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സ്വര്‍ണ്ണതാരം ജെയ്‌സ്മിന്‍ ലംബോറിയയെ അറിയാം

ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സ്വര്‍ണ്ണതാരം ജെയ്‌സ്മിന്‍ ലംബോറിയയെ അറിയാം

Update: 2025-09-15 08:36 GMT

ന്യൂഡല്‍ഹി: ബോക്‌സിങ്ങില്‍ ഇന്ത്യയില്‍ നിന്ന് വീണ്ടും ലോക ജേതാവ്.ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നടന്ന ഫൈനലില്‍ വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ആണ് ജെയ്‌സ്മിന്‍ ലംബോറിയയിലൂടെയാണ് ഇന്ത്യ ഇടിക്കൂട്ടില്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തുന്നത്.

പാരിസ് ഒളിംപിക്‌സ് മെഡല്‍ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്മിന്‍ തോല്‍പ്പിച്ചത്.ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ പ്രതീക്ഷയുമായി എത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ ജെയ്സമിന് കഴിഞ്ഞിരുന്നില്ല.ആ നഷ്ടത്തെയാണ് പതിന്മടങ്ങ് കരുത്തോടെ താരം ഇപ്പോള്‍ സ്വര്‍ണ്ണത്തിലേക്കെത്തിച്ചിരിക്കുന്നത്.

മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന് ഇടിക്കൂട്ടിലേക്ക്.. സൈന്യത്തിലെത്തിയ ആദ്യ വനിതാ ബോക്സര്‍

അപ്രതീക്ഷിതമായി ബോക്സിങ്ങ് റിങ്ങിലെത്തിയ താരമല്ല ജെയ്സമിന്‍.കുട്ടിക്കാലം തൊട്ടെ താന്‍ കേട്ടുവളര്‍ന്ന ഇന്ത്യയുടെ ബോക്സിങ്ങ് ഇതിഹാസങ്ങളിലൊരാളായ മുത്തച്ഛന്‍ ക്യാപ്റ്റന്‍ ഹവാ സിങിന്റെ പാതപിന്തുടര്‍ന്നാണ് ജെയ്സ്മിയയുടെയും വരവ്.അരനൂറ്റാണ്ട് മുന്‍പ് ഇന്ത്യയുടെയും ഏഷ്യയുടെയും ഇടിക്കൂട്ടിലെ ഇതിഹാസമായിരുന്നു ക്യാപ്റ്റന്‍ ഹവാ സിങ്.അദ്ദേഹത്തിന്റെ കൊച്ചുമകളാണ് ജെയ്സമിന്‍.

ഭിവാനിയിലെ കൂട്ടുകുടുംബത്തിലാണ് ജെയ്സ്മിന്‍ വളര്‍ന്നത്.മകളെ പഠിപ്പിച്ച് ജോലിക്കാരിയാക്കുക എന്നതായിരുന്നു അച്ഛന്‍ ജയ് വീറിന്റെ ആദ്യ ചിന്ത.ജെയ്‌സ്മിന്‍ അടക്കം മൂന്ന് പെണ്‍മക്കളായിരുന്നു അദ്ദേഹത്തിന്.മറ്റ് രണ്ട് പെണ്‍മക്കളും അകാലത്തില്‍ മരണപ്പെട്ടതോടെ ജെയ്സ്മിന്‍ ആയിരുന്നു ഏക പ്രതീക്ഷ. അതുകൊണ്ട് തന്നെ മകളെ ഇഷ്ടമുള്ളത് ചെയ്യാന്‍ വിടുകയായിരുന്നു ആ പിതാവ്.ആ തീരുമാനം ശരിയായിരുന്നെന്നും പിതാവായ ജയ് വീര്‍ പറയുന്നു.ചെറുപ്പത്തില്‍ ഡാന്‍സും വോളിബോളുമായിരുന്നു അവളുടെ ഇഷ്ടം.ഇടികൂട്ടിലെത്തിയത് 2016ലാണ്. അതിന് കാരണമായതാവട്ടെ ജെയ്സ്മിന്റെ അമ്മാവന്‍മാരാണെന്ന് അമ്മ ജോഗീന്ദര്‍ പറഞ്ഞു.


 



അക്കാലത്ത് പ്രതിമാസം 9,000 രൂപയാണ് ജയ് വീറിന്റെ വേതനം.ബോക്‌സിങ് പഠിപ്പിക്കാനുള്ള വരുമാനമൊന്നും അന്ന് ഉണ്ടായിരുന്നില്ല. പക്ഷെ അമ്മാവന്മാരായ പര്‍വീന്ദറിന്റെയും സന്ദീപിന്റെയും നിര്‍ബന്ധത്തെ കൊണ്ടാണ് ബോക്‌സിങ് പരിശീലനത്തിന് അയച്ചത്.ഇരുവരും ബോക്‌സിങ് പരിശീലനം നേടിയവരാണ്.എന്നാല്‍ അന്ന് ഭര്‍ത്താവിന്റെ പിതാവ് വരെ ജെയ്സ്മിന്‍ ബോക്‌സിങ് പരിശീലിക്കുന്നതിന് എതിരായിരുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പര്‍വീന്ദറും സന്ദീപും അമ്മാവനായ ക്യാപ്റ്റന്‍ ഹവാ സിങിനെ കണ്ട് വളര്‍ന്നവരാണ്.അക്കാലത്ത് ഹവാ സിങിന്റെ മെഡലുകള്‍ അണിഞ്ഞ് നടന്നിട്ടുണ്ടെന്ന് സന്ദീപ് ഓര്‍മിക്കുന്നു.ബോക്‌സിങിലേക്ക് യുവാക്കള്‍ വരണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.75 കിലോഗ്രാം വിഭാഗത്തില്‍ മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്നു പര്‍വീന്ദര്‍. 2006ലെ സിഡബ്ല്യുജിയില്‍ മല്‍സരിച്ചെങ്കിലും മെഡല്‍ നേടിയില്ല. യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പാരീസ് ഒളിമ്പിക്‌സില്‍ ബോക്സിംഗ് യോഗ്യത നേടിയപ്പോള്‍ ഭിവാനിയിലെ ഹലുവാസ് ഗേറ്റിനടുത്തുള്ള ജെയ്സ്മിന്റെ കുടുംബം കുറച്ചൊന്നുമ്മല്ല സന്തോഷിച്ചത്. കാരണം ആ കുടുംബത്തിന് അതൊരു സ്വപ്ന സാക്ഷാല്‍ക്കാരം കൂടിയായിരുന്നു.

ഒരു ഒളിമ്പിക്സിലെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അവളുടെ മുത്തച്ഛന്റെ സ്വപ്നം ആയിരുന്നു.ഇടികൂട്ടില്‍ കയറിയ നാള്‍ മുതല്‍ അവളെ ആകര്‍ഷിച്ചതും അവള്‍ കേട്ട് വളര്‍ന്നതും പ്രശസ്തനായ ആ മുത്തശ്ശന്റെ കഥയാണ്. അദ്ദേഹം വളരെയേറെ ആശിച്ചിട്ടും നടക്കാതെ പോയ ഒളിമ്പിക്‌സ് അവസരം ലഭിക്കുമ്പോള്‍ ഇഹലോകം വെടിഞ്ഞ അദ്ദേഹത്തിനോടുള്ള ആദരവ് കൂടിയാവുകയാണ്. 1966ലും 1970ലും ഏഷ്യന്‍ ഗെയിംസുകളില്‍ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു ഹവ സിങ്. 1974ല്‍ വെള്ളി മെഡലും രാജ്യത്തിന് സംഭാവന ചെയ്തു.

എന്റെ അച്ഛന്‍ ക്യാപ്റ്റന്‍ ഹവ സിങ് രണ്ട് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ആയിരുന്നു. പക്ഷെ കരിയറില്‍ അദ്ദേഹത്തിന് ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരം ലഭിച്ചില്ല.അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ കാലത്ത് ജെയ്സ്മിന്‍ ജനിച്ചിട്ടുപോലുമില്ല. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അവളെ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് കാണുന്നതില്‍ സന്തോഷിക്കുമായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ ഹവാ സിങിന്റെ മകന്‍ കോച്ച് സന്ദീപ് സിങ് അന്ന് പറഞ്ഞത്

2021ല്‍ സ്‌പെയിനില്‍ നടന്ന ബോക്‌സാം ഇന്റര്‍നാഷണലില്‍ വെള്ളി മെഡല്‍ നേടികൊണ്ടാണ് ജെയ്സ്മിന്‍ സീനിയര്‍ ലെവല്‍ കരിയര്‍ ആരംഭിച്ചത്. അതേ വര്‍ഷം തന്നെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുകയും ചെയ്തു.സിഡബ്ല്യൂജിയില്‍ വെങ്കലം നേടിയതോടെ ജെയ്സ്മിന്‍ സൈന്യത്തിന്റെ ഭാഗമാകുന്ന ആദ്യ വനിതാ ബോക്സറും കൂടിയായി മാറി.തന്റെ 20 ാം മത്തെ വയസ്സിലാണ് ഈ പെണ്‍കുട്ടി സൈന്യത്തിന്റെ ഭാഗമാകുന്നത്.

മുട്ടുകുത്തിച്ചത് ഒളിമ്പിക്സ് ജേതാവിനെ.. മേരികോമിന്റെ പിന്‍ഗാമി

പോളണ്ടിന്റെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ ആണ് ജെയ്‌സ്മിന്‍ ലംബോറിയ കലാശപ്പോരില്‍ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആരംഭത്തില്‍ പോയന്റ് നഷ്ടമായെങ്കിലും പിന്നീട് ജെയ്‌സ്മിന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. മത്സരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിക്കാനും അവര്‍ക്ക് സാധിച്ചു.


 



2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് ഹരിയാനക്കാരിയായ ജെയ്‌സ്മിന്‍.2024 പാരിസ് ഒളിമ്പിക്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവര്‍പൂളില്‍ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തില്‍ താരം സ്വര്‍ണം നേടുകയായിരുന്നു.പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ ജൂസിലീന്‍ സെര്‍ക്വീര റോമുവിനെ 5-0 നും, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്ബകിസ്താന്റെ ഖുമറോനോബു മമജോനോവയെ 5-0നും തറപറ്റിച്ചും സെമിഫൈനലില്‍ വെനിസ്വേലയുടെ ഒമിലെന്‍ കരോലിന അല്‍കാല സേവികയെ 5-0 ന് പരാജയപ്പെടുത്തിയുമാണ് അവസാന ജെയ്‌സ്മിന്‍ ഫൈനല്‍ മത്സരത്തിനെത്തിയത്.

സെറെമെറ്റയുടെ മുന്നേറ്റങ്ങളെ ചെറുത്ത് എല്ലാ സാഹചര്യങ്ങളെയും തനിക്ക് അനുകൂലമാക്കി മികച്ച പ്രകടനം കാഴ്ചവച്ചാണ് ജെയ്‌സ്മിന്‍ ഈ സുവര്‍ണ നേട്ടം. ഇതോടെ ലോക ചാമ്പ്യനായി കിരീടമണിയുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ ബോക്‌സറായി ജെയ്‌സ്മിന്‍ മാറി. ആറ് തവണ വിജയിയായ മേരി കോം,രണ്ട് തവണ വിജയിയായ നിഖത് സറീന്‍, സരിത ദേവി, ജെന്നി ആര്‍എല്‍,ലേഖ കെസി, നിതു ഘാംഗാസ്, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, സവീതി ബൂറ എന്നിവരടങ്ങുന്ന ശ്രദ്ധേയമായ പട്ടികയിലും ഇതോടെ ജെയ്‌സ്മിന്‍ ഇടം നേടി.

ഈ വിജയം ജെയ്‌സ്മിന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല, പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള ഇന്ത്യന്‍ ബോക്സിങ്ങിന് ഇത് വലിയൊരു ഊര്‍ജ്ജം കൂടിയാണ്.

Tags:    

Similar News