ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഉസൈൻ ബോൾട്ടിനു ശേഷം തുടർച്ചയായി നാല് ലോക കിരീടങ്ങൾ നേടുന്ന താരം; 200 മീറ്റർ ഓട്ടത്തിൽ ചരിത്ര നേട്ടവുമായി അമേരിക്കയുടെ നോഹ ലൈൽസ്
ടോക്കിയോ: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം 200 മീറ്റർ ഓട്ടത്തിൽ അമേരിക്കയുടെ നോഹ ലൈൽസ് നാലാം ലോക കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. 19.52 സെക്കൻഡിലാണ് ലൈൽസ് ഫിനിഷ് ചെയ്തത്. ജമൈക്കയുടെ ഇതിഹാസ താരം ഉസൈൻ ബോൾട്ടിനു ശേഷം ഈ ദൂരത്തിൽ തുടർച്ചയായി നാല് ലോക കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡാണ് ലൈൽസ് സ്വന്തമാക്കിയത്.
'2027-ൽ അഞ്ചാമത്തെ 200 മീറ്റർ ലോക കിരീടം നേടാൻ ഞാൻ കാത്തിരിക്കുന്നു,' മത്സര ശേഷം ലൈൽസ് പറഞ്ഞു. സെമി ഫൈനലിലെ അത്ര മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും, അവസാന ഘട്ടങ്ങളിൽ താൻ വേഗത വർധിപ്പിച്ചെന്നും എതിരാളികളുടെ ചലനങ്ങൾ മനസ്സിലാക്കി മുന്നേറിയെന്നും ലൈൽസ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ തന്നെ കെനി ബെഡ്നാരെക് 19.58 സെക്കൻഡിൽ വെള്ളി മെഡൽ നേടി. 2022 ലോക ചാമ്പ്യൻഷിപ്പിലും ബെഡ്നാരെക് വെള്ളിയായിരുന്നു. ജമൈക്കയുടെ ബ്രയാൻ ലെവൽ 19.64 സെക്കൻഡിൽ വെങ്കലം നേടി.
വനിതാ വിഭാഗത്തിൽ മെലിസ ജെഫേഴ്സൺ-വുഡൻ അനായാസ വിജയമാണ് നേടിയത്. 21.68 സെക്കൻഡ് സമയത്തോടെ ലോക ഒന്നാം നിരയിലെത്തിയ അവർ 100 മീറ്ററിലെ സ്വർണ്ണ നേട്ടത്തിന് പിന്നാലെ 200 മീറ്ററിലും മെഡൽ ഉറപ്പിച്ചു. ബ്രിട്ടൻ്റെ എമി ഹണ്ട് 22.14 സെക്കൻഡിൽ വെള്ളിയും ജമൈക്കയുടെ ഷെറിക്ക ജാക്സൺ 22.18 സെക്കൻഡിൽ വെങ്കലവും നേടി.