ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ്‍; പുളിങ്കുന്നിലും അജയ്യരായി വീയപുരം ചുണ്ടന്‍
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കുട്ടനാട് പുളിങ്കുന്നില്‍ നടന്ന മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ്‌ചേസേഴ്‌സ് ) (2:56:383 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാക്കളായി. കൈനകരി, താഴത്തങ്ങാടി, പിറവം, കോട്ടപ്പുറം എന്നിവിടങ്ങിലെ അജയ്യ തേരോട്ടം വീയപുരം ചുണ്ടന്‍ പുളിങ്കുന്നിലും നിലനിറുത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്)(2:56:443 മിനിറ്റ് ) രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (റിപ്പിള്‍ ബ്രേക്കേഴ്‌സ്) (2:57:819 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു.
ആദ്യ മൂന്ന് മത്സരത്തില്‍ പതിഞ്ഞു കളിച്ച് പകുതി കഴിയുമ്പോള്‍ മുന്നിട്ടു കയറുന്ന തന്ത്രം കോട്ടപ്പുറത്ത് തന്നെ വീയപുരം മാറ്റിക്കളിച്ചിരുന്നു. വള്ളം കളിയുടെ ഈറ്റില്ലമായ കുട്ടനാട്ടിലെ പരിചിതമായ നെട്ടായത്തില്‍ തുടക്കം മുതല്‍ തന്നെ ലീഡുമായാണ് വീയപുരം കുതിച്ചത്. കഴിഞ്ഞ നാല് തവണയും സിബിഎല്‍ ചാമ്പ്യനായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ പരിചയസമ്പത്ത് പൂര്‍ണമായും പുറത്തെടുത്തത് പകുതിയ്ക്ക് ശേഷമായിരുന്നു. അനായാസമെന്ന് തോന്നിയ വിജയത്തില്‍ നിന്ന് ഫിനിഷ് ചെയ്യുമ്പോള്‍ വീയപുരം വിയര്‍ത്ത് കുളിച്ചു. ചാട്ടുളി പോലെ പാഞ്ഞ് കയറി വന്ന പിബിസി തുഴഞ്ഞ മേല്‍പ്പാടം വെറും 60 മൈക്രോ സെക്കന്റുകള്‍ക്ക് പിന്നിലായി.
നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്-ചുണ്ടന്‍ വാരിയേഴ്‌സ്) നാല്, നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്-സൂപ്പര്‍ ഓര്‍സ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി-തണ്ടര്‍ ഓര്‍സ്) ആറ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്‌സ് വാരിയേഴ്‌സ്) ഏഴ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടര്‍ ഷാര്‍ക്ക്‌സ്)എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്‌സ്) ഒമ്പത് എന്നിങ്ങനെയാണ് പുളിങ്കുന്നിലെ ഫിനിഷ് നില.
എംപി കൊടിക്കുന്നില്‍ സുരേഷ് പുളിങ്കുന്നിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ്, വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, ഡെ. ഡയറക്ടറും സിബിഎല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ ഡോ. അന്‍സാര്‍ കെ എ എസ്, ടൂറിസം വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി വി, സിബിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
