ഡാളസില്‍ നിയമബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി
ഗാര്‍ലന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസും (KAD) ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവല്‍ക്കരണ സെമിനാര്‍ പ്രവാസി മലയാളി സമൂഹത്തിന് പുത്തന്‍ അറിവുകള്‍ പകര്‍ന്നുനല്‍കി. മാര്‍ച്ച് 22 ഞായറാഴ്ച വൈകുന്നേരം 3:30-ന് ഗാര്‍ലന്‍ഡിലെ ഐ.സി.സി ബാങ്ക്വറ്റ് ഹാളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. 'നിയമ അവബോധവും കുടുംബ മൂല്യങ്ങളും' എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാര്‍.
അമേരിക്കയിലെ സങ്കീര്‍ണ്ണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അഭിഭാഷകരായ സൗമ്യ ജോര്‍ജ്, മെലിസ റോയ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പാലിക്കേണ്ട നിയമ നടപടികളെക്കുറിച്ചും വ്യക്തിഗത അവകാശങ്ങളെക്കുറിച്ചും അറ്റോര്‍ണി സൗമ്യ ജോര്‍ജ് വിശദീകരിച്ചു .ട്രസ്റ്റുകള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാവി തലമുറയ്ക്കായി സ്വത്തുക്കള്‍ സുരക്ഷിതമായി കൈമാറുന്ന രീതികളെക്കുറിച്ചും അറ്റോര്‍ണി മെലിസ റോയ് ക്ലാസ്സുകള്‍ എടുത്തു.കുടുംബങ്ങളുടെ സാമ്പത്തികവും നിയമപരവുമായ ഭാവി സുരക്ഷിതമാക്കുന്നതിനായി എടുക്കേണ്ട മുന്‍കരുതലുകള്‍ സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു.
സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ lസംശയങ്ങള്‍ നേരിട്ട് ചോദിക്കാനും വിദഗ്ദ്ധരില്‍ നിന്ന് മറുപടി തേടാനുമുള്ള അവസരവും ലഭിച്ചു. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ ഇത്തരം പരിപാടികള്‍ ഇനിയും തുടരുമെന്ന് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഷിജു അബ്രഹാം ആമുഖമായി അറിയിച്ചു. നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ കേരള അസോസിയേഷന്‍ സെക്രട്ടറി മഞ്ജിത് കൈനിക്കര,ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.