കാനഡയുമായി കൊമ്പുകോര്‍ത്ത് ട്രംപ്: പാലം തടയുമെന്നും ഐസ് ഹോക്കി നിരോധിക്കുമെന്നും ഭീഷണി

Update: 2026-02-10 14:36 GMT

വാഷിംഗ്ടണ്‍ ഡി സി :അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പുതിയ 'ഗോര്‍ഡി ഹോവ്' അന്താരാഷ്ട്ര പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാനഡയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം പാലം തുറക്കാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ ഭീഷണി.

കാനഡയുടെ പൂര്‍ണ്ണ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിക്കുന്ന ഈ പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡയ്ക്കാണ്. എന്നാല്‍ ഇത് അമേരിക്കയെ ചൂഷണം ചെയ്യലാണെന്നും പാലത്തിന്റെ പകുതി പങ്ക് യുഎസിന് വേണമെന്നും ട്രംപ് വാദിക്കുന്നു.പാലം പണിയാന്‍ അമേരിക്കന്‍ ഉരുക്ക് (Steel) ഉപയോഗിക്കാതെ കാനഡയ്ക്ക് ഇളവ് നല്‍കിയ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നടപടിയെ ട്രംപ് 'വിഡ്ഢിത്തം' എന്ന് വിശേഷിപ്പിച്ചു.

കാനഡ ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ നീക്കം നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു. ചൈനയുമായുള്ള ഈ ബന്ധം കാനഡയിലെ ഐസ് ഹോക്കി കളി തന്നെ ഇല്ലാതാക്കുമെന്നും വിഖ്യാതമായ 'സ്റ്റാന്‍ലി കപ്പ്' എന്നെന്നേക്കുമായി നിര്‍ത്തലാക്കുമെന്നുമാണ് ട്രംപിന്റെ വിചിത്രമായ അവകാശവാദം.

മിഷിഗണെയും ഒന്റാറിയോയെയും ബന്ധിപ്പിക്കുന്ന ഈ പാലം വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വ്യാപാര പാതകളിലൊന്നാണ്. ഈ വര്‍ഷം പാലം തുറക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം.കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി (Mark Carney) ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അമേരിക്കയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ വിട്ടുവീഴ്ചയില്ലെന്നും ട്രംപ് വ്യക്തമാക്കി

Similar News