മനോജിനും കുടുംബത്തിനും സ്‌നേഹവീടൊരുക്കി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍; ഗൃഹപ്രവേശം നടത്തി

Update: 2026-01-16 15:25 GMT

തിരുവല്ല: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍. കുറ്റപ്പുഴ സ്വദേശി മനോജിനും കുടുംബത്തിനുമായി ഏകദേശം 12 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി. ഇന്ന് നടന്ന ചടങ്ങില്‍ വീടിന്റെ ഗൃഹപ്രവേശം പ്രൗഢമായി ആഘോഷിച്ചു.

ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് സുജ കോശി, മുന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് കാക്കനാട്ട് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഫലമായാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായത്.

പദ്ധതിയുടെ ഏകോപനത്തിലും പൂര്‍ത്തീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച റവ. ഡോ. തോമസ് കുര്യന്‍ അഞ്ചേരി വീട് ആശീര്‍വദിച്ചു. റവ. അനി അലക്‌സ് കുര്യന്‍, റവ. പി. ടി. കോശി, റവ. ഫിലോമന്‍ കോശി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുകയും കുടുംബത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അടയാളമാണ് ഈ ഭവനപദ്ധതിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സംഘടന നന്ദി അറിയിച്ചു.

Similar News