സ്റ്റേറ്റ് പാര്‍ക്കില്‍ ദമ്പതികളെ ഹൈക്കിംഗിനിടെ വെടിവെച്ച് കൊന്നു; അക്രമിക്കായി തിരച്ചില്‍ തുടരുന്നു

Update: 2025-07-28 14:19 GMT

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസിലെ ഡെവിള്‍സ് ഡെന്‍ സ്റ്റേറ്റ് പാര്‍ക്കില്‍ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു. ക്ലിന്റണ്‍ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റന്‍ അമാന്‍ഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അര്‍ക്കന്‍സാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. അടുത്തിടെ കാലിഫോര്‍ണിയയില്‍ നിന്നും മൊണ്ടാനയില്‍ നിന്നും പ്രൈറി ഗ്രോവിലേക്ക് താമസം മാറിയവരാണ് ഇവര്‍.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പാര്‍ക്കില്‍ പെണ്‍മക്കളോടൊപ്പം ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. 7 ഉം 9 ഉം വയസ്സുള്ള കുട്ടികള്‍ക്ക് പരിക്കില്ലെന്നും അവര്‍ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും പോലീസ് അറിയിച്ചു. കൊലപാതകങ്ങള്‍ക്ക് കുട്ടികള്‍ സാക്ഷികളാണോ എന്ന് വ്യക്തമല്ല.

ഇരുണ്ട വസ്ത്രങ്ങളും വിരലില്ലാത്ത കയ്യുറകളും ധരിച്ച ഒരാള്‍ക്കായാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. പ്രതി ഒരു കറുത്ത സെഡാന്‍, ഒരുപക്ഷേ ലൈസന്‍സ് പ്ലേറ്റില്‍ ടേപ്പ് ഒട്ടിച്ച മാസ്ഡ, ഓടിച്ചു രക്ഷപ്പെട്ടതായി കരുതുന്നു.

സംഭവത്തില്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി സാന്‍ഡേഴ്സ് ഞെട്ടല്‍ രേഖപ്പെടുത്തുകയും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കേസ് തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും സുരക്ഷാ വീഡിയോകളും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകര്‍. ശനിയാഴ്ച പാര്‍ക്കിലുണ്ടായിരുന്നവരോട് വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

കൊലപാതകം നടന്ന പാര്‍ക്കിന്റെ ഭാഗം ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. 'വിദൂരവും ദുര്‍ഘടവുമായ' ഈ പ്രദേശത്ത് മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡെവിള്‍സ് ഡെന്‍ സ്റ്റേറ്റ് പാര്‍ക്കിലെ എല്ലാ പാതകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് പാര്‍ക്ക് വക്താവ് അറിയിച്ചു.

Similar News