മിനസോട്ടയില്‍ കനത്ത മഞ്ഞുവീഴ്ച,തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയില്‍ ആഴ്ചാവസാനമുണ്ടായ ശക്തമായ മഞ്ഞുവീഴ്ച ശമിക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച രാത്രി വരെ അതീവ ജാഗ്രതാ നിര്‍ദ്ദേശം (NEXT Weather Alert) തുടരും. കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരന്മാരെ സഹായിക്കാന്‍ നാഷണല്‍ ഗാര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു: മിനിയാപൊളിസ്-സെന്റ് പോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്കാരോട് ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാന്‍ എയര്‍ലൈനുകള്‍ നിര്‍ദ്ദേശിച്ചു.
നാഷണല്‍ വെതര്‍ സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം, തെക്കുകിഴക്കന്‍ മിനസോട്ടയിലാണ് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ഈ മേഖലയിലെ മിക്കയിടങ്ങളിലും ഒരടിയോളം (12 ഇഞ്ച്) മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്.
പ്രധാന സ്ഥലങ്ങളിലെ മഞ്ഞുവീഴ്ചയുടെ തോത് താഴെ പറയുന്നവയാണ്:വബാഷയില്‍ ഒറ്റരാത്രികൊണ്ട് 20.5 ഇഞ്ച് ,റോച്ചസ്റ്റര്‍ ഏകദേശം 14 ഇഞ്ച്, പ്രയര്‍ ലേക്ക് ഏകദേശം 13.7 ഇഞ്ച്,മേപ്പിള്‍ ഗ്രോവ്, ഈഗന്‍ രണ്ടിടങ്ങളിലും 10 ഇഞ്ച് വീതം ബ്ലൂമിംഗ്ടണ്‍ 9.5 ഇഞ്ച്
തെക്കന്‍ മിനസോട്ടയിലെ പല ഭാഗങ്ങളിലും റോഡ് യാത്ര അപകടകരമാണെന്നും അത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, വടക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും മഞ്ഞുവീഴ്ച അത്ര ഗുരുതരമായി ബാധിച്ചിട്ടില്ല.